പത്തനംതിട്ട: കോഴഞ്ചേരി പുതിയ പാലത്തിന്റെ ഉദ്ഘാടനത്തെയും നിർമ്മാണവുമായി ബന്ധപ്പെട്ട അവകാശവാദങ്ങളെയും ചൊല്ലി മുൻ എംഎല്‍എ വീണ ജോർജും നിലവിലെ എംഎല്‍എ അബിൻ വർക്കിയും തമ്മില്‍ ഫേസ്ബുക്കില്‍ വാഗ്വാദം.
പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി മുൻ മന്ത്രി വീണ ജോർജ് രംഗത്തെത്തിയിരിക്കുകയാണ്. ഇപ്പോഴത്തെ എംഎല്‍എ അബിൻ വർക്കിയുടെ "സത്യം നമ്മെ സ്വാതന്ത്രരാക്കും നുണ നമ്മെ വീട്ടില്‍ ഇരുത്തും'' എന്ന് തുടങ്ങുന്ന പോസ്റ്റിന് മറുപടി പോസ്റ്റാണ് വീണ ജോർജ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
'നുണ വന്നത് പോലെ അപ്രത്യക്ഷമാകും സത്യത്തിനു മാത്രമെ നില നില്പ്പുള്ളൂ' എന്നാണ് വീണ ജോർജിന്റെ മറുപടി. 2013ല്‍ ഉമ്മൻ ചാണ്ടിയുടെ കാലത്ത് പാലത്തിന് അനുമതി ലഭിച്ചു എങ്കില്‍ എന്ത് കൊണ്ടാണ് നാല് വർഷം ഉണ്ടായിട്ടും ഒരു കല്ല് പോലും ഇടാതിരുന്നതെന്നും പോസ്റ്റില്‍ പരിഹാസമുണ്ട്.
പോസ്റ്റിന്റെ പൂർണരൂപം
'നുണകള്‍ വന്നതുപോലെ തന്നെ അപ്രത്യക്ഷമാകും; സത്യത്തിന് മാത്രമേ സ്ഥായിയായ നിലനില്‍പ്പുള്ളൂ'
2016 ജൂലൈ മാസത്തിലെ ബജറ്റില്‍ പ്രഖ്യാപിക്കുകയും, കിഫ്ബി (KIIFB) വഴി പണം അനുവദിച്ച് 2016 ഒക്ടോബറില്‍ ഭരണാനുമതി നല്‍കുകയും, തുടർന്ന് സാങ്കേതികാനുമതിയും ടെൻഡർ നടപടികളും പൂർത്തിയാക്കി 2018-ല്‍ നിർമ്മാണം ആരംഭിക്കുകയും ചെയ്ത കോഴഞ്ചേരി പാലം, അതിനും ആറ് വർഷം മുൻപുള്ള ഭരണാനുമതിയിലാണ് നിർമ്മാണം ആരംഭിച്ചതെന്ന് അവകാശപ്പെടാൻ കഴിയുന്നത് വലിയൊരു വിസ്മയം തന്നെയാണ്! 2016 ല്‍ നിർമ്മാണം പോലും ആരംഭിച്ചിട്ടില്ലാതിരുന്ന ആഞ്ഞിലിമൂട്ടില്‍ കടവ് പാലം, അതിനു മുൻപുള്ള എം.എല്‍.എ പൂർത്തീകരിച്ചതാണെന്ന് പറയുന്നതും അതുപോലെതന്നെ മറ്റൊരു വിസ്മയമാണ്! രണ്ടു തവണ തോറ്റ് വീട്ടില്‍ ഇരിക്കുന്ന (അതും ഒരേ വ്യക്തിയോട് തന്നെ) കോണ്‍ഗ്രസ് മുൻ MLA യോട് 'നുണ വീട്ടില്‍ ഇരുത്തുമെന്നു' പറയാൻ ഒരു പോസ്റ്റ് വേണ്ടിയിരുന്നില്ല.!
2016-ല്‍ ഞാൻ എം.എല്‍.എ ആയി ചുമതലയേല്‍ക്കുമ്പോള്‍ ആറന്മുള മണ്ഡലത്തില്‍ പൂർത്തിയായതോ നിർമ്മാണത്തിലുള്ളതോ ആയ ഒരു പ്രൊജക്റ്റും ഉണ്ടായിരുന്നില്ല. വികസനവും ഇല്ല പ്രൊജക്റ്റും ഇല്ല എന്നതായിരുന്നു ആറന്മുള മണ്ഡലത്തിലെ സ്ഥിതി. കോഴഞ്ചേരി പാലത്തിനായി 2012-13 കാലഘട്ടത്തില്‍ 2 കോടി രൂപ അനുവദിച്ചിരുന്നുവെങ്കില്‍, ആ പദ്ധതിയില്‍ നിങ്ങള്‍ എന്തുകൊണ്ട് നിർമ്മാണ പ്രവർത്തനങ്ങള്‍ നടത്തിയില്ല? തുടർന്നുള്ള നാല് വർഷക്കാലം അവിടെയൊരു കല്ലിടാൻ പോലും നിങ്ങള്‍ക്ക് സാധിക്കാതെ പോയതെന്തുകൊണ്ടാണ്? 2014 ല്‍ 39 കോടി രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിരുന്നുവെന്ന് പറയുന്നു. എന്നാല്‍ ആ തുക അനുവദിച്ചിരുന്നോ? എങ്കില്‍ ആ തുക എവിടെ പോയി? അപ്പോള്‍ അതല്ല നിർമാണം സാധ്യമാക്കിയ ഭരണാനുമതി എന്ന് വ്യാജപ്രചരണം നടത്തുന്നവർക്കറിയാം. യഥാർത്ഥ ഭരണാനുമതി ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നുണ്ട്; ആർക്കും അത് പരിശോധിക്കാവുന്നതാണ്.
ഏതൊരു പദ്ധതിയുടെയും നിർമ്മാണ പ്രവർത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ഏറ്റവും അടിസ്ഥാനപരമായ ഘടകം ഭരണാനുമതിയാണ്. കോഴഞ്ചേരി പുതിയ പാലത്തിന് ഭരണാനുമതി ലഭിച്ചത് 31-10-2016-നാണ്. ഈ ഭരണാനുമതിയുടെ അടിസ്ഥാനത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങള്‍ സാധ്യമാക്കിയത്.
വി എസ് സർക്കാരിന്റെ കാലത്ത് ശ്രീ കെ സി ആർ എം എല്‍ എ ആയിരിക്കുമ്പോള്‍ പുതിയ പാലത്തിന് ടോക്കണ്‍ അനുവദിച്ചിരുന്നു. പിന്നീട് 2012-13 ല്‍, ബഹു . ധനമന്ത്രിയായിരുന്ന കെ എം മാണി സാറിനോട് മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വിക്ടർ ടി തോമസിന്റെ നേതൃത്വത്തില്‍ (അന്നത്തെ പഞ്ചായത് പ്രസിഡന്റ് ആനിമ്മാമ, ഭരണ പ്രതിപക്ഷ മെമ്പർമാർ ഉള്‍പ്പടെ) ആവശ്യപ്പെട്ടതിന്റെ ഫലമായിട്ടാണ് അന്ന് ബഡ്ജറ്റില്‍ കോഴഞ്ചേരി പാലം പരാമർശിച്ചത്.
2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഞാൻ ശ്രീ. വിക്ടർ ടി. തോമസിന്റെ വസതിയില്‍ പോയിരുന്നു. കോഴഞ്ചേരി പാലത്തിനായി അദ്ദേഹമുള്‍പ്പെടെയുള്ളവർ നടത്തിയ പരിശ്രമങ്ങളെക്കുറിച്ച് അന്ന് നേരിട്ട് ചോദിച്ചറിഞ്ഞു. (ഒരു ശുപാർശക്കത്ത് പോലും അക്കാലത്ത് ലഭിക്കാതിരുന്നതുള്പ്പെടെയുള്ള ഒട്ടേറെ അനുഭവങ്ങള്‍ അന്നത്തെ പഞ്ചായത്ത് ജനപ്രതിനിധികള്‍ പങ്കുവെച്ചത് ഇന്നും ഓർക്കുന്നു.) ഇനി, ഞാൻ പറഞ്ഞ കാര്യങ്ങള്‍ കൃത്യമായ രേഖകള്‍ സഹിതം ഇവിടെ ചേർക്കട്ടെ :
1. 2016 ജൂലൈ മാസത്തിലെ സംസ്ഥാന ബജറ്റില്‍ അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക്കാണ് കോഴഞ്ചേരിയിലെ പുതിയ പാലം പ്രഖ്യാപിച്ചത്. കോഴഞ്ചേരി പാലം ഉള്‍പ്പെടെ 1,475 കോടി രൂപയുടെ 68 പാലങ്ങളാണ് അന്ന് പ്രഖ്യാപിക്കപ്പെട്ടത്. (2016 ജൂലൈ ബജറ്റ് രേഖയില്‍ പേജ് 51-ല്‍ ക്രമനമ്പർ 58 ആയാണ് കോഴഞ്ചേരി പുതിയ പാലം ഉള്‍പ്പെടുത്തിയിരിക്കുന്നത്.)
2. പുതിയ പാലം നിർമ്മിച്ചത് കിഫ്ബിയില്‍ (KIIFB) നിന്ന് പണം അനുവദിച്ചാണ്. (കിഫ്ബി എന്ന സംവിധാനം 2016-ല്‍ ഇടതുപക്ഷ സർക്കാരിന്റെ കാലത്താണല്ലോ പ്രവർത്തനമാരംഭിക്കുന്നത്, 2012-13-ല്‍ അല്ലല്ലോ.)
പ്രസ്തുത ഉത്തരവില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്:
"Government have examined the proposal in detail and are pleased to accord Administrative Sanction for an amount of Rs.1435 Crore for the construction of 75 bridges mentioned in the list appended to this G.O. for availing funds under Kerala Infrastructure Investment Fund Board (KIIFB)."
കാര്യങ്ങള്‍ തികച്ചും വ്യക്തമാണ്. ആവർത്തിച്ചു പറയട്ടെ-കിഫ്ബിയുടെ സാങ്കേതികാനുമതി ലഭിച്ചത് 2017-ലാണ്.
പാലത്തിന്റെ നിർമ്മാണത്തിനും ഭൂമി ഏറ്റെടുക്കലിനും ചേർത്താണ് കിഫ്ബി ഫണ്ട് അനുവദിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുക കിഫ്ബി നിർദ്ദിഷ്ട തഹസില്‍ദാർക്ക് കൈമാറുകയും, ഭൂമി അളന്നു തിരിക്കല്‍, കല്ലിടല്‍, സാമൂഹിക ആഘാത പഠനം (Social Impact Study), ഗസറ്റ് വിജ്ഞാപനം തുടങ്ങിയ സുദീർഘമായ നിയമനടപടികള്‍ പൂർത്തിയാക്കി 2024 ജനുവരിയില്‍ ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരത്തുക വിതരണം ചെയ്യുകയും ചെയ്തു. (ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പ്രസിദ്ധപ്പെടുത്താൻ ബന്ധപ്പെട്ടവർ തയ്യാറുമാണ്.)
2006-2011 കാലഘട്ടത്തിലെ ഇടതുപക്ഷ സർക്കാരിന്റെ ഭരണകാലത്ത്-അന്ന് ശ്രീ. കെ.സി.ആർ. എം.എല്‍.എ ആയിരിക്കുമ്പോള്‍-പണം അനുവദിച്ച ആഞ്ഞിലിമൂട്ടില്‍ കടവ് പാലത്തിന്റെ തുടർനടപടികളും രേഖാപരമായ പ്രവർത്തനങ്ങളും പിന്നീടുള്ള അഞ്ച് വർഷക്കാലം ഒട്ടും മുന്നോട്ട് പോയിരുന്നില്ല. ആ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി പാലത്തിന്റെ 'നിർമ്മാണോദ്ഘാടനം' നിർവ്വഹിച്ചത് 10-02-2017 ല്‍ അന്നത്തെ ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. ജി. സുധാകരനാണ്. അന്നത്തെ ബഹു. ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മാത്യു ടി തോമസ് നിർമ്മാണ ഉത്ഘാടന ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. നിർമ്മാണം പൂർത്തീകരിച്ചത് 2019 ല്‍ ആണ്. ബഹുമാനപ്പെട്ട മന്ത്രി തന്നെ ഉദ്ഘാടനം നിർവ്വഹിച്ചു.
ഇവിടെ നല്‍കിയിരിക്കുന്ന ചിത്രങ്ങള്‍
1. സംസ്ഥാന ബജറ്റ് 2016 ജൂലൈ (എല്‍ഡിഎഫ് സർക്കാർ) പേജ് നമ്പർ 51
2, 3. കോഴഞ്ചേരി പുതിയ പാലത്തിന്റെ ഭരണാനുമതി(31-10-2016)
4- ആഞ്ഞിലിമൂട്ടില്‍കടവ് പാലം നിർമ്മാണ നിർമ്മാണ ഉദ്ഘാടന ചടങ്ങിന്റെ തീയതി 10-02-2017.






