കോട്ടയം: കേന്ദ്ര ബിജെപി ഭരണകൂടത്തിന്റെ ജനദ്രോഹ നയങ്ങളും പ്രതിപക്ഷത്തിൻ്റെ നിഷ്ക്രിയത്വവും രാജ്യത്ത് അരാജകത്വം സൃഷ്ടിച്ചതായും ബദൽ രാഷ്ട്രീയത്തിന്റെ പ്രസക്തി വർദ്ധിച്ചതായും എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡൻ്റ് ദഹ്ലാൻ ബാഖവി പറഞ്ഞു.
കോട്ടയം മാമൻ മാപ്പിള ഹാളിൽ നടന്ന എസ്ഡിപിഐ സംസ്ഥാന പ്രതിനിധി സഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളോടുള്ള ജനങ്ങളുടെ അതൃപ്തിയാണ് പല തലങ്ങളിലും നിഴലിക്കുന്നത്. ഫാഷിസ്റ്റ് ഭരണകൂടം ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളെയും നേതാക്കന്മാരെയും വിവിധ തലങ്ങളിലാണ് വരുതിയിലാക്കാൻ ശ്രമിക്കുന്നത്.
അന്വേഷണ ഏജൻസിയായ ഇഡി, എൻഐഎ അടക്കമുള്ളവയെ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ നടത്തുന്നു. മറുവശത്ത് കോടികൾ നൽകി എംപിമാരെയും എംഎൽഎമാരെയും വിലയ്ക്കു വാങ്ങുന്നു. കൂടാതെ വോട്ടു ചോരിയിലൂടെ ഇന്ത്യൻ ജനാധിപത്യം തകർക്കുന്നു. രാജ്യത്തെ എല്ലാ വിഭാഗങ്ങളും പ്രതിസന്ധി അനുഭവിക്കുകയാണ്.
കർഷകർ, വിദ്യാർത്ഥികൾ, സ്ത്രീകൾ എന്നിവർ നേരിടുന്ന വെല്ലുവിളികളും, വിലകയറ്റം, ഇന്ധന വില വർധനവ് തുടങ്ങി രാജ്യം അനുഭവിക്കുന്ന യഥാർത്ഥ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള പ്രതിഷേധങ്ങളും ഇടപെടലുകളും പ്രതിപക്ഷ പാർട്ടികളിൽ നിന്നുണ്ടാകുന്നില്ല. ഫാഷിസം സൃഷ്ടിക്കുന്ന മുഴുവൻ പ്രതിസന്ധികളും അതിജീവിച്ചു മുന്നോട്ടു പോകാൻ എസ്ഡിപിഐക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറിമാരായ പി അബ്ദുൽ മജീദ് ഫൈസി, ഇല്യാസ് മുഹമ്മദ് തുംബെ, ദേശീയ സെക്രട്ടറിയേറ്റ് അംഗങ്ങളായ എൻ കെ റഷീദ് ഉമരി, അജ്മൽ ഇസ്മാഈൽ, പ്രവർത്തകസമിതി അംഗം എൻ യു അബ്ദുൽ സലാം എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.
സംസ്ഥാന വൈസ് പ്രസിഡൻ്റ് പി അബ്ദുൽ ഹമീദ്, ജനറൽ സെക്രട്ടറിമാരായ പിആർ സിയാദ്, പി പി റഫീഖ്, റോയ് അറയ്ക്കൽ, പി കെ ഉസ്മാൻ, കെ കെ അബ്ദുൽ ജബ്ബാർ, സംസ്ഥാന സെക്രട്ടറിമാർ, പ്രവർത്തകസമിതി അംഗങ്ങൾ നേതൃത്വം നൽകി. കോട്ടയം ജില്ലാ പ്രസിഡന്റ് യു നവാസ് നന്ദി പറഞ്ഞു.






