തൃക്കൊടിത്താനം : ഓണത്തിന് മുന്നോടിയായി ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള പരിശോധനകൾ ശക്തമാക്കി പോലീസ്. അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പായിപ്പാടും സമീപ പ്രദേശങ്ങളിലും ഇന്ന് രാവിലെ കർശന പരിശോധനകൾ നടത്തി. തൃക്കൊടിത്താനം സിഐ എംജെ അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധനകൾ നടത്തിയത്.
ഇന്ന് രാവിലെ 6 മണിയോടെ ഡിവൈഎസ്പി, സിഐ, എസ്ഐ എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പായിപ്പാട് ഉണ്ടായിരുന്ന 10ഓളം ക്യാമ്പുകളിൽ പരിശോധന നടത്തിയത്. അന്യസംസ്ഥാന തൊഴിലാളികൾ ജോലിക്കായി പോകുന്നതിന് മുൻപാണ് പോലീസ് സംഘം ഇവരുടെ താമസ സ്ഥലങ്ങളിൽ പരിശോധന നടത്തിയത്.
ഏകദേശം 150ഓളം ആളുകളെ ഇന്ന് പരിശോധനയ്ക്ക് വിധേയരാക്കി. വരും ദിവസങ്ങളിലും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള പരിശോധനകൾ ശക്തമാക്കുമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യു ഐപിഎസ് വ്യക്തമാക്കി.






