കോട്ടയം; സംസ്ഥാനത്ത് കാലവർഷത്തില്‍ മൂന്ന് ശതമാനത്തിന്റെ കുറവുണ്ടായിട്ടും കോട്ടയം ജില്ലയുടെ വിവിധയിടങ്ങള്‍ മഴയില്‍ മുങ്ങി.
ചെറിയ സമയത്തിനുള്ളില്‍ ഒരു പ്രദേശത്ത് മാത്രം അതിതീവ്രമഴ പെയ്യുന്ന ലഘുമേഘ വിസ്ഫോടനങ്ങള്‍ അതിന് കാരണമായെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു.
ജൂണ്‍ 1 മുതല്‍ ഇന്നലെ വരെയുള്ള കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ കണക്കുപ്രകാരമാണ് മഴയില്‍ 3 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തുന്നത്. എന്നാല്‍ ഈ മാസം ഒന്ന് മുതല്‍ എട്ട് വരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയില്‍ 192 ശതമാനം അധികമഴയും പെയ്തു.
ഇതുകൊണ്ടും മഴക്ഷാമം പരിഹരിക്കാൻ കഴിഞ്ഞതുമില്ല. ചെറിയ പ്രദേശത്ത് മണിക്കൂറില്‍ 100 മില്ലീമീറ്ററിലേറെ മഴ പെയ്യുന്നതാണ് മേഘവിസ്ഫോടനമായി കണക്കാക്കുന്നത്. ഇത് 250 വരെയാകാം.
ഈരാറ്റുപേട്ടയില്‍ മിന്നല്‍ പ്രളയമുണ്ടായ ദിവസം രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിനിടെ 300 മില്ലീമീറ്റർ വരെ മഴ പെയ്ത സ്ഥലങ്ങളുണ്ട്. ഏറിയപങ്കും പുലർച്ചെയുള്ള ഏതാനും മണിക്കൂറിനുള്ളിലാണ് പെയ്തത്.
തീക്കോയില്‍ അന്ന് ഏറ്റവും കൂടുതല്‍ മഴ പെയ്തത് 270 മില്ലീമീറ്റർ. മീനച്ചിലാറിന്റെ തീരപ്രദേശങ്ങളില്‍ ശരാശരി 180 മില്ലീമീറ്റർ മഴ പെയ്തെന്നാണ് കണക്ക്. വഴിക്കടവില്‍ 308.8 മില്ലീമീറ്റർ മഴയും പെയ്തു.






