കോട്ടയം: കോട്ടയം റെയില്‍വേ സ്റ്റേഷനു പുറത്ത് ഓട്ടോറിക്ഷകള്‍ അനനധികൃതമായി പാർക്ക് ചെയ്യുന്നതുമൂലമുള്ള ഗതാഗത തടസം പരിഹരിക്കാൻ കർശന നടപടി സ്വീകരിക്കാൻ ജില്ലാ വികസനസമിതി യോഗം പോലീസിനും ആർടിഒയ്ക്കും നഗരസഭാ അധികൃതർക്കും നിർദ്ദേശം നല്കി.
സ്റ്റേഷനകത്തെ ഓട്ടോറിക്ഷാ സ്റ്റാൻഡില്‍നിന്ന് ചെറിയ ദൂരത്തേയ്ക്ക് ഓട്ടം പോകാൻ വിസമ്മതിക്കുന്ന ഡ്രൈവർമാർക്കെതിരേയും നടപടിയുണ്ടാകും.
കോടിമത പുതിയ പാലത്തിന്റെ ടാറിംഗ് ഉടൻ പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് പാലം വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ യോഗത്തെ അറിയിച്ചു. പുതിയ പാലം തുറന്നുകൊടുത്താല്‍ മാത്രമേ പഴയ പാലത്തിന്റെ അറ്റകുറ്റപ്പണി നടത്താനും അപകടാവസ്ഥ ഒഴിവാക്കാനും കഴിയൂവെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതിനിധിയായി പങ്കെടുത്ത മോഹൻ കെ. നായർ ചൂണ്ടിക്കാട്ടി. വൈക്കം പ്രദേശത്തെ തോടുകളിലെ കുളവാഴകള്‍ നീക്കം ചെയ്യുന്നതിന് 58 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെന്ന് മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ചങ്ങനാശേരി എസി കനാലിന്റെ ആഴം കൂട്ടുന്നതിന് എസ്റ്റിമേറ്റ് തയാറാക്കി 2026-27 വർഷത്തെ മുൻഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായി മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
കോട്ടയം നഗരത്തിലെ അനധികൃത തട്ടുകടകള്‍ സ്വമേധയാ നീക്കം ചെയ്യാൻ നടത്തിപ്പുകാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത നഗരസഭാ സെക്രട്ടറി അറിയിച്ചു.നിർദ്ദേശം പാലിക്കാത്തവ ഓഗസ്റ്റ് ഒന്നു മുതല്‍ നഗരസഭയുടെ നേതൃത്വത്തില്‍ നീക്കം ചെയ്യുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.
എല്‍പിജി. സിലിണ്ടറിന് കൂടതല്‍ തുക ഈടാക്കുന്നതു സംബന്ധിച്ച പരാതികളെക്കുറിച്ച് അന്വേഷിച്ച് നടപടപയെടുക്കാൻ സിവില്‍ സപ്ലൈസ് വകുപ്പിന് യോഗം നിർദ്ദേശം നല്കി. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതിരിക്കുകയും ത്രാസുകളില്‍ കൃത്രിമം കാണിക്കുകയും ചെയ്യുന്ന വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുക്കാനും യോഗം തീരുമാനിച്ചു. ജില്ലാ ആസൂത്രണസമിതി ഹാളില്‍ നടന്ന യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണി അധ്യക്ഷത വഹിച്ചു.






