കോട്ടയം: കര്‍ഷകര്‍ക്കു സബ്സിഡി നിരക്കില്‍ രാസവളം വാങ്ങുന്നതിനായി ഫ്രെയിംവര്‍ക്ക് ഫോര്‍ ഫെര്‍ട്ടിലൈസര്‍ സെയില്‍ (എഫ്എഫ്എസ്) ആപ്പ് ജില്ലയിലും നിര്‍ബന്ധമാക്കുന്നു.
സംസ്ഥാനത്ത് കഴിഞ്ഞ ജൂണ്‍ മുതല്‍ പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണു ഡിസംബര്‍ 15 മുതല്‍ കോട്ടയം ഉള്‍പ്പടെയുള്ള ജില്ലയില്‍ ആപ്പ് നിര്‍ബന്ധമാക്കുന്നത്.
15നുശേഷം ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാത്ത കര്‍ഷകര്‍ക്കു സബ്സിഡിയോടെ രാസവളം ലഭിക്കില്ല.
രാജ്യത്ത് രാസവളം വില്പന കാര്യക്ഷമമാക്കുന്നതിനായി കേന്ദ്ര രാസവസ്തു രാസവളം, കര്‍ഷകക്ഷേമ മന്ത്രാലയങ്ങള്‍ ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ഡിജിറ്റല്‍ ബുക്കിംഗ്, വിതരണ സംവിധാനമാണ് എഫ്എഫ്എസ്. സബ്സിഡി നിരക്കിലുള്ള രാസവളങ്ങള്‍ യഥാര്‍ഥ കര്‍ഷകർക്കുതന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, കര്‍ഷകര്‍ക്കു കടകളില്‍ പോയി തിരക്കുണ്ടാക്കാതെ സൗകര്യപ്രദമായ രീതിയില്‍ രാസവളം വാങ്ങുക, ഭൂമിയുടെയും വിളയുടെയും അടിസ്ഥാനത്തിലുള്ള വളം വിതരണം.
കൃഷി ചെയ്യുന്ന ഭൂമിക്കനുസരിച്ചുള്ള വളം ശാസ്ത്രീയമായി നിശ്ചയിച്ചു നല്‍കുക, വളത്തിന്റെ അനധികൃത വില്പന തടയുക എന്നിവയാണ് പുതിയ സംവിധാനത്തിന്റെ നേട്ടങ്ങള്‍. മൂന്നു വിഭാഗത്തിലുള്ള കര്‍ഷകര്‍ക്ക് ആപ്പിലുടെ രാസവളം സബ്സിഡിയോടെ വാങ്ങാന്‍ സാധിക്കും.
അഗ്രിസ്റ്റാക്ക് രജിസ്ട്രേഷന് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പാട്ടക്കര്‍ഷകര്‍ക്കും വളം വാങ്ങാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കൃഷി ഓഫീസര്‍മാര്‍ പറയുന്നു.






