പാലാ: പാലാ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ വന്‍മോഷണം. പൂട്ടും സി.സി. ടിവി ക്യാമറയും തകര്‍ത്താണ് വന്‍മോഷണം നടത്തിയത്.
വിവിധ ഭാഗങ്ങളിലുള്ള നാലുകടകളില്‍ നിന്നായി 4,66,600 രൂപയാണ് കവര്‍ന്നത്. ഇന്നലെ പുലര്‍ച്ചെ മൂന്നിനാണ് മോഷണം നടന്നതെന്ന് സി.സി. ടിവി. ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
കട്ടക്കയം റോഡിലുള്ള മുനമ്പം ഫിഷറീസെന്ന് പച്ചമീന്വില്പ്പന ശാലയില്‍നിന്നു 4 ലക്ഷം രൂപയും സമീപത്തുള്ള തലേക്കുന്നില്‍ വാഴക്കുല വില്പ്പനകടയില്നിന്നു 600 രൂപയമാണ് കവര്‍ന്നത്.
സ്റ്റേഡിയം ജങ്ഷനിലെ കാന്‍ഡിഡ് സ്ഥാപനത്തില്‍നിന്ന് 58,000 രൂപയും തൊട്ടടുത്തുള്ള ജേഴ്സി ഹമ്പ് സ്ഥാപനത്തില്‍നിന്ന് 8,000 രൂപയും മോഷ്ടിച്ചു. ഇവിടെ താഴു തകര്‍ക്കാന്‍ സാധിക്കാതെ ഇരുന്നാല്‍ ഷട്ടര്‍ പൊളിച്ചാണ് കടയ്ക്കുള്ളില്‍ കയറിയത്. കാന്‍ഡിഡ് സ്ഥാപനത്തിന്റെ സി.സി. ടിവി ക്യാമറകള്‍ തകര്‍ത്തശേഷമാണ് മോഷ്ടാക്കള്‍ താഴുപൊളിച്ച് അകത്തുകയറിയത്.സി.സി. ടിവി ദൃശ്യങ്ങളില്‍ രണ്ടു മോഷ്ടാക്കളെ കാണാം. തൊടുപുഴ സ്വദേശി അന്‍സാരിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.
മറ്റുസ്ഥാപനങ്ങളില്‍ ഒരു മോഷ്ടാവിനെയാണ് കാണാനാകുന്നത്. മറ്റു സ്ഥാപനങ്ങളുടെയുംതാഴുതകര്ത്തശേഷമാണ് ഷട്ടര്‍ ഉയര്‍ത്തി മോഷ്ടാക്കള്‍ പ്രവേശിച്ചത്.മുനമ്പത്തിന്റെ ഷട്ടറുകള്‍ തകര്‍ത്ത് അകത്തു കയറിയ മോഷ്ടാക്കള്‍ കടയില്‍ സൂക്ഷിച്ച 4 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
ചില സാധനങ്ങളും ഇവിടെനിന്നു കൊണ്ടുപോയിട്ടുണ്ട്. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന സിസി ടിവി ക്യാമറകളും തകര്‍ത്തു. നാലിടത്തെയും മോഷണവുമായി ബന്ധപ്പെട്ട സി.സി. ടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പാലാ പോലീസ് ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങളില്‍ മോഷ്ടാക്കളുടെ മുഖം വ്യക്തമല്ല. കോട്ടയത്തുനിന്ന് ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. നഗരത്തില്‍ ഒരേ രാത്രിയില്‍ തുടര്ച്ചയായിവ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടന്നത് വ്യാപാരികളിലും നാട്ടുകാരിലുംആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ കടകള്‍ തുറക്കാനെത്തിയ ജീവനക്കാരാണ് ഷട്ടറുകളുടെയും പൂട്ടുകളുടെയും കേടുപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മോഷണ വിവരം പുറത്തറിഞ്ഞത്.
സംഭവത്തെ തുടര്‍ന്ന് പാലാ പോലീസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സമീപത്തെ സ്ഥാപനങ്ങളിലെയും റോഡരികിലെ ക്യാമറകളിലെയും സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഓണക്കാല വ്യാപാര തിരക്കിനിടെയാണ് നഗരമധ്യത്തില്‍ നാല് കടകളില്‍ മോഷണം നടന്നത്. രാത്രി പട്രോളിംഗ് ശക്തമാക്കണമെന്നും നഗരത്തില്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.






