കോട്ടയം:നഗരത്തില്‍ തട്ടുകടകള്‍ക്കും ബജിക്കടകള്ക്കും നാളെ മുതല്‍ കര്‍ശന നിയന്ത്രണം. ബജിക്കടകള്ക്ക് വൈകിട്ട് നാലു മുതല്‍ എട്ടു വരെയും തട്ടുകടകള്‍ക്കു രാത്രി എട്ടു മുതല്‍ 12 വരെയുമാണ് പ്രവര്‍ത്തനാനുമതി.
നിലവില്‍, ബജിക്കടകള്‍ രാവില മുതല്‍ രാത്രി പലഹാരങ്ങള്‍ തീരുന്നതു വരെയും തട്ടുകടകള്‍ സന്ധ്യ മുതല്‍ നേരം പുലരും വരെയുമാണു പ്രവര്‍ത്തിക്കുന്നത്. ബജിക്കടകളുടെ അനിയന്ത്രിത പ്രവര്‍ത്തനം നഗരത്തിലെ ട്രാഫിക്കിനെയും ഇതര വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുന്ന സാഹചര്യത്തിലാണു നടപടി.
നിയമം കര്‍ശനമാക്കുന്നതിനൊപ്പം അനധികൃത കച്ചവടങ്ങള്‍ നീക്കം ചെയ്യാനും നഗരസഭകള്‍ നടപടികള്‍ സ്വീകരിക്കും. നഗരസഭാ പരിധിയിലാണോ, നഗരമധ്യത്തില്‍ മാത്രമാണോ നടപടികള്‍ കര്‍ശനമാക്കുകയെന്ന കാര്യത്തില്‍ വ്യക്തതയില്ല. നിലവില്‍, നഗരപരിധിയില്‍ അമ്പതോളം ബജിക്കടകളും ഇരുപതോളം തട്ടുകടകളും പ്രവര്‍ത്തിക്കുന്നുണ്ട്. നഗരസഭാ പരിധിയിലാണെങ്കില്‍ എണ്ണം ഇരട്ടിയിലേറെ വരും. ഇവയെല്ലാം, തോന്നിയ പോലെയാണ് പ്രവര്‍ത്തിക്കുന്നത്.ഇതോടെയാണ് കര്‍ശന നടപടികള്‍ നഗരസഭ സ്വീകരിക്കുന്നത്.
ബജിക്കടകള്‍ പലതും രാവിലെ പത്തോടെ പ്രവര്‍ത്തനം ആരംഭിച്ചാലും രാത്രി ഏറെ വൈകിയാണ് അവസാനിപ്പിക്കുന്നത്. നാഗമ്പടത്ത് ഉള്‍പ്പെടെയുള്ള ചില തട്ടുകടകള്‍ക്കു ചുറ്റും ആളു കൂടുന്നതോടെ ഗതാഗതം സ്തംഭിക്കുന്നതും കാല് നട യാത്രക്കാര്‍ ദുരിതത്തിലാകുന്നതും പതിവാണ്.ചെറുകടിയും ചായയും കുറഞ്ഞ വിലയ്ക്കു ലഭിക്കുമെന്നതിനാല്‍ കൂടുതല്‍ പേര് വാഹനങ്ങളില്‍ എത്തുന്നതാണ് തിരക്ക് വര്‍ദ്ധിക്കാന്‍ കാരണം. മാത്രമല്ല, ഇവിടെ നിന്നുള്ള മാലിന്യം വഴിയിലേക്കു തള്ളുന്നുവെന്ന പരാതിയും വ്യാപകമാണ്.
തട്ടുകടകളാണ് ഏറെ ദുരിതമാകുന്നത്, സന്ധ്യ മയങ്ങുന്നതോടെ ഫുട്പാത്തുകള്‍ ഉള്‍പ്പെടെ കൈയേറി ഷീറ്റ് വിരിക്കുന്ന സംഘങ്ങള്‍ ഇരുട്ടി തുടങ്ങുമ്പോള്‍ കച്ചവടവും ആരംഭിക്കും. ഇതോടെ, കാല് നടയാത്രക്കാര്‍ക്ക് റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയാണ് ഇതോടെ അപകടങ്ങള്‍ വര്‍ധിക്കും. രാവേറെ വൈകി പ്രവര്‍ത്തിക്കുന്ന പല തട്ടുകടകളുടെയും മറവില്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.
സമയ നിയന്ത്രണത്തിനൊപ്പം ബജിക്കടകളിലെയും തട്ടുകടകളിലെയും ഭക്ഷണ നിലവാരം പരിശോധിക്കണമെന്ന ആവശ്യവും ശക്തമാണ്. പല ബജിക്കടകളിലും ഉപയോഗശൂന്യമായ എണ്ണയിലാണ് പാചകം. തലേന്ന് മിച്ചം വരുന്ന എണ്ണ കളയാതെ, വീണ്ടും എണ്ണ ഒഴിച്ചാണ് പാചകം. പല കടകളിലും ബജിയുണ്ടാക്കുന്ന ചീനച്ചട്ടി കഴുകാറേയില്ല.
പലഹാരങ്ങള്‍ വില കുറച്ചു വില്ക്കാന് നിലവാരം കുറഞ്ഞ പരിപ്പും ഉഴുന്നും മാവും ഉപയോഗിക്കാറുണ്ട്. തട്ടുകടകളിലും പഴകിയ എണ്ണ ഉപയോഗം വ്യാപകമാണ്. കുടിവെള്ളത്തിന്റേത് ഉള്‍പ്പെടെയുള്ള ഗുണിനിലവാരവും പലപ്പോഴും ചോദ്യം ചെയ്യപ്പെടാറുണ്ട്






