കോട്ടയം: എം.ജി സർവകലാശാലാ വിദ്യാർത്ഥികള്‍ക്കായി 'ഹോപ് ഫണ്ട് - ഒറ്റത്തവണ മാനുഷിക സഹായം' എന്ന പേരില്‍ പദ്ധതി ആരംഭിക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
വിവിധ കാരണങ്ങളാല്‍ അടിയന്തര സാമ്പത്തിക സഹായം ആവശ്യമുള്ള വിദ്യാർത്ഥികള്‍ക്ക് ഒരു കൈത്താങ്ങായാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിലെ വിദ്യാർത്ഥി സഹായനിധി വഴി പരമാവധി പതിനായിരം രൂപയാണ് നല്കാനാകുന്നത്. എന്നാല്‍ പുതിയ ഫണ്ടില്‍ പരമാവധി തുക ഒരു ലക്ഷം രൂപയാണ്.
വാഹനാപകടത്തിനിരയായ സർവകലാശാലയിലെ പി.എച്ച്.ഡി. വിദ്യാർത്ഥിയായ ആനന്ദ് ജോഷി നല്കിയ അപേക്ഷയില്‍ ഒരു ലക്ഷം രൂപ അനുവദിക്കാനും സിൻഡിക്കേറ്റ് തീരുമാനമായി. പഠനകാലയളവില്‍ ഒറ്റത്തവണ മാത്രമേ ഹോപ് ഫണ്ട് സ്വീകരിക്കാൻ ഒരു വിദ്യാർത്ഥിക്ക് അർഹതയുണ്ടാകൂ.
വിദ്യാർത്ഥിയുടെ അക്കാദമിക് പ്രകടനം, പെരുമാറ്റം തുടങ്ങിയ കാര്യങ്ങള്‍ സർവകലാശാല പരിശോധിക്കും. കുടുംബത്തിന്റെ വാർഷിക വരുമാനം ഒരു ലക്ഷത്തില്‍ കൂടരുത്. സിൻഡിക്കേറ്റിന്റെ സ്റ്റുഡന്റ് വെല്‍ഫയർ ആന്റ് ഗ്രീവൻസസ് സ്റ്റാന്റിംഗ് കമ്മറ്റി മുൻകൈയെടുത്താണ് പുതിയ പദ്ധതി തയാറാക്കിയത്.






