കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ 21 വയസ്സുകാരിയെ പൊലീസ് എറണാകുളത്തു നിന്ന് കണ്ടെത്തി.
എറണാകുളം മേത്തല സ്വദേശിയായ യുവതിയാണ് പിടിയിലായത്. കോട്ടയം മെഡിക്കല്‍ കോളജില്‍ എംബിബിഎസ് അഡ്മിഷന് ലഭിച്ചതായും നടപടികള്‍ പൂര്‍ത്തിയാക്കിയതിനാല്‍ ഹോസ്റ്റലില്‍ ജോയിന്‍ ചെയ്യണമെന്നും വീട്ടുകാരെ വിശ്വസിപ്പിച്ചാണ് ബുധനാഴ്ച ബന്ധുക്കള്‍ക്കൊപ്പം യുവതി ഇവിടെയെത്തിയത്.
മെഡിക്കല്‍ കോളജിലെത്തിയ ശേഷം മാതാപിതാക്കളെ പുറത്തുനിര്‍ത്തി യുവതി ഹോസ്റ്റലിനുള്ളിലേക്ക് കയറുകയായിരുന്നു. എന്നാല്‍ ഏറെനേരം കഴിഞ്ഞിട്ടും പെണ്‍കുട്ടി തിരിച്ചെത്താതായതോടെ ബന്ധുക്കള്‍ അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് മാതാവ് റസീന ബീവി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഗാന്ധിനഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി.
അന്വേഷണത്തിനിടെ യുവതി എറണാകുളത്തെ ഒരു എടിഎം കൗണ്ടറില്‍ കയറിയതായി പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ആ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ തെരച്ചിലിലാണ് യുവതിയെ സുരക്ഷിതയായി കണ്ടെത്തിയത്. അതേസമയം യുവതിക്ക് മെഡിക്കല്‍ കോളജില്‍ എംബിബിഎസ് അഡ്മിഷന് ലഭിച്ചിരുന്നില്ലെന്നും കള്ളം പൊളിയുമെന്ന ഭയത്താലാണ് ഹോസ്റ്റലില്‍ നിന്ന് മുങ്ങിയതെന്നും അധികൃതരും പൊലീസും വ്യക്തമാക്കി.






