കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. തലങ്ങുംവിലങ്ങും പായുന്ന തെരുവുനായ്ക്കളെ കാണുമ്പോൾ തന്നെ മെഡിക്കൽ കോളേജിൽ എത്തുന്ന ആരും ഒന്ന് ഭയന്ന് പോകും.
കടിയേല്‍ക്കുമോ എന്ന ഭീതിയാണ് രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും. ഏത് നിമിഷവും നായ ചാടിവീഴാമെന്ന അവസ്ഥ. കൂട്ടമായി എത്തുന്ന നായ്ക്കള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന സാഹചര്യവുമുണ്ട്. നായ്ക്കളുടെ ശല്യം സംബന്ധിച്ച് മുമ്പും ഡോക്ടമാർ ഉള്‍പ്പെടെയുള്ളവർ പരാതി ഉന്നയിച്ചിരുന്നു.
നേരത്തെ ആർപ്പൂക്കര പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിയന്ത്രണനടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ പ്രശ്നത്തിന് ശാശ്വത പരിഹാരമായില്ല. ആശുപത്രി അധികൃതരുടെ നേതൃത്വത്തില്‍ നായ ശല്യം ഒഴിവാക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും നടപടികള്‍ എങ്ങുമെത്തിയില്ല.
കഴിഞ്ഞദിവസം ആശുപത്രിവളപ്പില്‍ ലോട്ടറി വില്‍ക്കാനെത്തിയ യുവതിക്കൊപ്പമുണ്ടായിരുന്ന അഞ്ച് വയസുകാരിയായ മകള്‍ക്ക് നായയുടെ കടിയേറ്റിരുന്നു. പട്ടിത്താനം സ്വദേശി ബിന്നുവിന്റെ മകളാണ് ആക്രമണത്തിനിരയായത്. ചെവിയുടെ പിൻവശത്ത് കടിയേറ്റ കുട്ടി മെഡിക്കല്‍ കോളേജ് കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയിലാണ്. മാസങ്ങള്‍ക്ക് മുമ്പ് കുട്ടികളുടെ ആശുപത്രിക്ക് സമീപം മെഡിക്കല്‍ വിദ്യാർഥികള്‍ക്കും തെരുവുനായയുടെ കടിയേറ്റിരുന്നു.






