കോട്ടയം: ശക്തമായ മഴയിൽ കോട്ടയത്തിൻ്റെ പടിഞ്ഞാറൻ മേഖല പ്രളയത്തിൽ മുങ്ങി. തിരുവാർപ്പ്, അയ്മനം, കുമരകം പഞ്ചായത്തുകളിലെ നിരവധി വീടുകളിൽ ഇപ്പോഴും വെള്ളം കയറിക്കിടക്കുകയാണ്.
ഗ്രാമീണ റോഡുകൾ മുഴുവൻ വെള്ളത്തിലായതിനാൽ ഗതാഗതം പൂർവസ്ഥിതിയിലായിട്ടില്ല. ഇതോടെ അടിയന്തര ചികിത്സയ്ക്കായി രോഗികളെ ആശുപത്രിയിലെത്തിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.
കുമരകം 11-ാം വാർഡ് എട്ടങ്ങാടി ഭാഗത്ത് പടുവയിൽ രമണൻ്റെ ഭാര്യ ശോഭന രമണൻ (62), മങ്കുഴി പാടശേഖരത്തിനു സമീപം താമസിച്ചിരുന്ന പാകത്തുശേരി വീട്ടിൽ റോസമ്മ പീറ്റർ (71) എന്നിവരാണ് സമയത്ത് ചികിത്സ ലഭിക്കാതെ മരിച്ചത്.
ലോകം അറിയുന്ന ടൂറിസം കേന്ദ്രമായ കുമരകത്ത് പ്രാഥമിക ജീവൻരക്ഷാ സൗകര്യങ്ങൾ പോലും ഇല്ലാത്തതിൻ്റെ തെളിവാണ് ഈ ദാരുണ സംഭവങ്ങളെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ആംബുലൻസ് ലഭിക്കാതെ മരണം
കഴിഞ്ഞ ദിവസം വൈകുന്നേരം 6 മണിയോടെ നെഞ്ചുവേദനയെ തുടർന്ന് കുമരകത്തെ ക്ലിനിക്കിലെത്തിച്ച ശ്യാമളയെ, നില ഗുരുതരമായതിനാൽ എത്രയും വേഗം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശിച്ചിരുന്നു.
അടിയന്തരമായി രോഗിയെ മാറ്റാൻ സമീപത്തെ സ്വകാര്യ ആശുപത്രിയുമായും പ്രദേശത്തെ മറ്റ് ആംബുലൻസ് സർവീസുകളുമായും ബന്ധപ്പെട്ടെങ്കിലും ഡ്രൈവർമാർ ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്.
ആംബുലൻസ് ലഭിക്കാതെ സമയം വൈകിയതോടെ കുമരകം പോലീസിൽ വിവരമറിയിച്ചു. എന്നാൽ പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും രോഗി മരണപ്പെട്ടിരുന്നു.
വള്ളത്തിലാക്കി ആശുപത്രിയിലേക്ക്
ഇന്നലെ മങ്കുഴി പാടശേഖരത്തിനു സമീപം വാഹനഗതാഗത സൗകര്യമില്ലാത്ത സ്ഥലത്ത് താമസിച്ചിരുന്ന റോസമ്മ പീറ്റർ അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്.
വാഹനസൗകര്യം ഇല്ലാത്തതിനാൽ റോസമ്മയെ വീട്ടിൽ നിന്ന് സമീപവാസികളും വാർഡ് മെമ്പറും ചേർന്ന് കസേരയിൽ ഇരുത്തി വള്ളത്തിൽ കയറ്റി റോഡിലെത്തിച്ച ശേഷമാണ് ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്.
ഇതിനിടെ കാലവർഷത്തെ തുടർന്ന് പ്രധാന റോഡിൽ വെള്ളം കയറിയതിനാൽ കല്ലറ റൂട്ട് വഴിയാണ് യാത്ര തുടരേണ്ടി വന്നത്. വാഹനസൗകര്യമില്ലാത്തതും വഴിമാറി സഞ്ചരിക്കേണ്ടി വന്നതുമാണ് ആശുപത്രിയിലെത്തുന്നതിൽ താമസം നേരിടാൻ കാരണമായത്.






