കോട്ടയം: കോട്ടയം ജില്ലയിലെ മലയോര മേഖലയിൽ അടക്കം രണ്ടര വർഷത്തിനുള്ളിൽ പ്രവർത്തനാനുമതി നൽകിയത് 33 പാറമടകൾക്ക്.
ഉരുൾ പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ മേഖലകളിലടക്കം പാറമടകൾ പ്രവർത്തിക്കു വെന്ന പരാതി ഉയരുമ്പോഴാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്തു വരുന്നത്.
തേർഡ് ഐ ന്യൂസിന് ജിയോളജി വകുപ്പ് നൽകിയ വിവരാവകാശ രേഖയിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.
2024 ജൂൺ ഒന്ന് മുതൽ 2026 ജൂൺ 30 വരെയുള്ള കാലയളവിലാണ് ഇത്രയും പാറകൾക്ക് പ്രവർത്തിക്കാൻ ജില്ലയിൽ അനുമതി നൽകിയത്.
പാറ പൊട്ടിക്കലിനൊപ്പം കുന്നിടിക്കലും തകൃതിയായി ജില്ലയിൽ നടക്കുന്നുണ്ട്. ഇതെല്ലാം പരിസ്ഥിതിക്ക് ദോഷകരമാണെന്ന കാര്യത്തിൽ തർക്കമില്ല.
അതേസമയം നാട്ടുകാർ എതിർത്താലും കൈക്കൂലി വാങ്ങി പാറമടകൾ പ്രവർത്തിപ്പിക്കാൻ അംഗീകാരം നൽകുകയാണ് ജിയോളജി വകുപ്പ് ചെയ്യുന്നത്.
കോട്ടയം ജില്ലയിലെ മലയോര മേഖലകളിൽ ഏതാനും ദിവസം മുൻപുണ്ടായ ഉരുൾ പൊട്ടലും ദുരന്തവും ജനങ്ങൾ കണ്ടതാണ്. കാലവർഷ കെടുതിയിൽ 5 പേരുടെ ജീവനാണ് ജില്ലയിൽ നഷ്ടപ്പെട്ടത്.
പ്രകൃതിയെ കീറിമുറിക്കുന്ന അനധികൃത പ്രവർത്തനങ്ങളുടെ പരിണിത ഫലമാണ് ഉരുൾപൊട്ടൽ.
അത് പാറമടയായാലും മണ്ണെടുക്കൽ ആയാലും പ്രകൃതിക്ക് ദോഷം ചെയ്യുന്നതാണ്.
പ്രകൃതിയെ നോവിക്കുന്ന ഏത് പ്രവർത്തനവും വിലക്കപ്പെടേണ്ടതാണ്.
ഇതിന് വിരുദ്ധമായി കൈമടക്ക് വാങ്ങി ക്ലിൻ ചിറ്റ് നൽകുന്ന ഉദോഗസ്ഥർക്കെതിരേയാണ് ആദ്യം കർശന നടപടി എടുക്കേണ്ടത്.
ഇനിയൊരു ദുരന്തം കോട്ടയത്ത് ഉണ്ടാവരുത്. മലയോര മേഖലയിൽ അടക്കം പ്രകൃതിയെ നോവിക്കാൻ അനുവദിക്കരുത്. പ്രവർത്തനാനുമതി നേടിയ പാറമടകളെ കുറിച്ച് അന്വേഷണം ഉണ്ടാവണം. നേരായ മാർഗത്തിലൂടെയാണോ അനുമതി നേടിയത്? ആരാണ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത് ? എന്നു തുടങ്ങി ഫയലുകളിലെ സകല ക്രമക്കേടുകളും പുറത്തുവരണം.
അതോടൊപ്പം ഒത്താശ ചെയ്ത രാഷ്ട്രീയക്കാരുടെ റോളും പൊതുജനമധ്യത്തിൽ തുറന്നു കാട്ടണം. ഏതൊക്കെ രാഷ്ട്രീയ നേതാക്കൾക്ക് വിഹിതം കിട്ടിയെന്ന വിവരവും പുറത്തു വരട്ടെ.






