കോട്ടയം: സാങ്കേതികവിദ്യ അതിവേഗം വികസിക്കുകയും മത്സരം ശക്തമാവുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് ഇന്നത്തെ വിദ്യാർഥികൾ ജീവിക്കുന്നതെന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ പറഞ്ഞു. ഈ സാഹചര്യത്തിൽ കഠിനാധ്വാനവും സമയത്തിന്റെ ഫലപ്രദമായ വിനിയോഗവും മാത്രമാണ് വിജയത്തിലേക്കുള്ള വഴിയെന്നും അദ്ദേഹം വ്യക്തമാക്കി.
ബസേലിയസ് കോളേജിൽ നിന്ന് വിവിധ ബിരുദ കോഴ്സുകളിൽ സർവകലാശാല റാങ്ക് നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഠിനാധ്വാനം ചെയ്യുന്നവർക്ക് വിജയം ഉറപ്പാണെന്നും ഓരോ അവസരവും ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്നും കളക്ടർ വിദ്യാർഥികളോട് ആഹ്വാനം ചെയ്തു.
കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊഫ. ഡോ. കെ.എസ്. മനോജ് നാരായണൻ അധ്യക്ഷത വഹിച്ചു. കോളേജ് ബർസാർ ഡോ. തോമസ് കുരുവിള, ഡോ. ടി. പ്രിയതമ്പി, ഡോ. പാർവതി മോഹൻ, ഡോ. പി. ആരഭി, ഡോ. വിജു കുര്യൻ, ഡോ. മിഷേൽ എലിസബത്ത് ജേക്കബ്, ഡോ. ഷീബ ജോസഫ് എന്നിവർ സംസാരിച്ചു.
സർവകലാശാല റാങ്ക് ജേതാക്കളായ അർച്ചന കുഞ്ഞുമോൻ, സാന്ദ്ര സുരേഷ്, ഐറിൻ എൽസ സുരേഷ്, നിധി ജോർജ്, ജോയൽ റോയി ജോസഫ്, മരിയ ജോർജ്, ചിത്രാകൃഷ്ണൻ, എച്ച്. ഹിമപാർവതി, സൈറ സാബു എന്നിവർ ചടങ്ങിൽ അനുഭവങ്ങൾ പങ്കുവച്ചു.






