കോട്ടയം : ഒരു മാസം മുമ്പ് വെള്ളപ്പൊക്കത്തിൽ വലഞ്ഞ ജില്ലയിൽ ഇപ്പോൾ കൊടുംചൂടും. രണ്ടു ദിസമായി പകല്‍ വേനല്‍ക്കാലത്തിന് തുല്യമായ ചൂടാണ് അനുഭവപ്പെടുന്നത്. ബുധനാഴ്ച പകല്‍ 34 ഡിഗ്രിയാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ പുതുപ്പള്ളിയിലെ നിരീക്ഷണ കേന്ദ്രത്തില്‍ രേഖപ്പെടുത്തിയത്. ഇന്നലെ ചൂട് ഇതിലും വര്‍ധിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച പകല്‍ 30 ഡിഗ്രിയായിരുന്ന താപനിലയാണ് പെട്ടെന്ന് ഉയര്‍ന്നത്. ചൂട്, വര്‍ധിച്ചതിന് പിന്നാലെ നദികളിലെയും തോടുകളിലെയും ജലനിരപ്പും വേഗത്തില്‍ താഴ്ന്നു. കൃത്യം ഒരു മാസം മുമ്പ് വെള്ളപ്പൊക്കത്തില്‍ പകച്ചു നില്‍ക്കുകയായിരുന്നു ജില്ല. ഓഗസ്റ്റ് ഒന്നിനു രാവിലെ പെയ്ത പെരുമഴയ്ക്കു പിന്നാലെയുണ്ടായ വെള്ളപ്പൊക്കം ദിവസങ്ങളോളം നീണ്ടു.
കോട്ടയം താലൂക്കിന്റെ പല പ്രദേശങ്ങളും നിരവധി വീടുകളും രണ്ടാഴ്ചയോളം വെള്ളത്തിലായിരുന്നു. എന്നാല്‍, ഇന്ന് അതേ സ്ഥലങ്ങളില്‍ ജലക്ഷാമം അനുഭപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. ശക്തമായ മണ്‍സൂണും പിന്നാലെയെത്തുന്ന തുലാവര്ഷവുമാണു വേനല്‍ക്കാലത്തെ ജലക്ഷാമം പരിഹരിക്കുക. ഇന്നലെ വരെയുള്ള കണക്കു പ്രകാരം ജില്ലയില്‍ മഴക്കുറവ് 8 ശതമാനമാണ്. 20 ശതമാനം വരെയുള്ള കുറവും കൂടുതലും ശരാശരി ഗണത്തിലാണ് ഉള്‍പ്പെടുന്നതെങ്കിലും മഴക്കുറവ് വേനല്ക്കാലത്തു തിരിച്ചടിയാകുമെന്നാണ് ആശങ്ക.






