കോട്ടയം: സർക്കാർ ആശുപത്രികളിലെ സന്നദ്ധ സംഘടനകളുടെ സൗജന്യ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട മന്ത്രി കെ. മുരളീധരന്റെ പ്രസ്താവനയ്ക്കിടെ കോട്ടയം ജില്ലാ ആശുപത്രിയിലെ ഭക്ഷണ വിതരണവും ചർച്ചയാകുന്നു. പുതുപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കെ. കരുണാകരന്റെ ചിത്രം പതിച്ച ഫ്ലക്സ് ബോർഡിന് സമീപമാണ് ദിവസേന സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നത്.
കെ. കരുണാകരന്റെ ഓർമ്മ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ട്രസ്റ്റിന്റെ പേരിൽ പദ്ധതി നടപ്പാക്കുന്നതെന്നാണ് സംഘാടകരുടെ നിലപാട്. 'ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുത്' എന്ന മുരളീധരന്റെ പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് പിതാവിന്റെ പേരിലുള്ള ട്രസ്റ്റിന്റെ ഭക്ഷണ വിതരണവും അതിനായി സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ് ബോർഡും ഇപ്പോൾ ശ്രദ്ധ നേടുന്നത്.
മന്ത്രി മുന്നോട്ടുവച്ച നിലപാട് കർശനമായി നടപ്പാക്കുകയാണെങ്കിൽ കെ. കരുണാകരന്റെ ചിത്രമുള്ള ഫ്ലക്സ് ബോർഡിനും അത് ബാധകമാകില്ലേയെന്ന ചോദ്യവും ഉയരുന്നുണ്ട്. അതേസമയം, ജില്ലാ ആശുപത്രിയിൽ നവജീവൻ ട്രസ്റ്റിന്റെ നേതൃത്വത്തിലും ദിവസേന സൗജന്യ ഭക്ഷണ വിതരണം നടക്കുന്നുണ്ട്.
ആശുപത്രിയിൽ സന്നദ്ധ സംഘടനകൾ നടത്തുന്ന ഭക്ഷണ വിതരണത്തിന്റെ സമയം ഉൾപ്പെടെയുള്ള വിവരങ്ങളാണ് ഫ്ലക്സ് ബോർഡുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സൗജന്യ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട പുതിയ നിലപാടുകൾ ചർച്ചയാകുന്നതിനിടെ, ഇത്തരം സേവന പ്രവർത്തനങ്ങളുടെ പ്രചാരണവും സംഘടനകളുടെ പേരും ചിത്രങ്ങളും പ്രദർശിപ്പിക്കുന്നതും സംബന്ധിച്ച വിവാദം കൂടുതൽ ശക്തമാകുകയാണ്.






