കോട്ടയം : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോട്ടയം ജില്ലാ കമ്മിറ്റി നടത്തിവരുന്ന ജീവകാരുണ്യ കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായിരുന്ന ജയദാസ് ചെല്ലദുരെയുടെ കുടുംബത്തിന് സഹായധനം കൈമാറി.
ഇടുക്കി സ്വദേശിയായ ജയദാസ് കോട്ടയം ജില്ലയിലെ പേരൂർ യൂണിറ്റിലെ അംഗമായിരുന്നു. കാണക്കാരിയിൽ ഉണ്ടായ വാഹനാപകടത്തിലാണ് അദ്ദേഹത്തിന് ജീവൻ നഷ്ടമായത്. ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമായിരുന്നു ജയദാസിന്റെ കുടുംബം.
വീട്ടു പണിയെടുത്ത് ജീവിക്കുന്ന ജയദാസിന്റെ ഭാര്യയ്ക്ക് അദ്ദേഹം ജീവകാരുണ്യ പദ്ധതിയിൽ അംഗമായത് അറിയില്ലായിരുന്നു. എന്നാൽ കോട്ടയം ജില്ലാ നേതൃത്വത്തിന്റെ കാര്യക്ഷമമായ ഇടപെടലുകൾ മൂലം പേരൂർ നിന്നും മാറി മറ്റൊരിടത്ത് താമസിച്ചിരുന്ന അവരെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇന്നലെ നടന്ന പേരൂർ യൂണിറ്റ് വാർഷിക സമ്മേളനത്തിൽ വച്ച് ജീവകാരുണ്യ പദ്ധതി മരണാനന്തര വിഹിതമായ ഏഴു ലക്ഷം രൂപയും അവർ അടച്ചതുക ആയ ഇരുപത്തി എണ്ണായിരം രൂപയും ചേർത്ത് 7,28000 (എഴുലക്ഷത്തി ഇരുപത്തിയെണ്ണായിരം രൂപ )യുടെ ചെക്ക് കുടുംബത്തിന് കൈമാറി.
കോട്ടയം ജില്ലാ പ്രസിഡണ്ട് എംകെ തോമസ്കുട്ടിയുടെ സാന്നിധ്യത്തിൽ ഏറ്റുമാനൂർ മുനിസിപ്പൽ ചെയർമാൻ ടോമി പുളിമാൻ തുണ്ടം ജയദാസ് ചെല്ലദുരയുടെ ഭാര്യ സുഗന്ധിക്ക് ചെക്ക് കൈമാറുകയായിരുന്നു. കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി എകെഎൻ പണിക്കർ, ജില്ലാ ട്രഷറർ ഗിരീഷ് കോനാട്ട് ജില്ലാ വർക്കിങ് ജനറൽ സെക്രട്ടറി എബി സി കുര്യൻ, ജില്ലാ വൈസ് പ്രസിഡണ്ട് പിഎസ് കുര്യാച്ചൻ, ജില്ലാ സെക്രട്ടറി എംഎം ശിവ ബിജു, സിറിൽ നരിക്കുഴി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് നടന്ന സമ്മേളനത്തിൽ പേരൂർ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.






