കോട്ടയം : ജില്ലയുടെ പടിഞ്ഞാറൻമേഖലയില് പായലും പോളയും വലിയ ഭീഷണിയാകുന്നു. ആമ്പല്വസന്തം അവസാനിച്ച് അടുത്തകൃഷിക്ക് നിലം ഒരുക്കാനായി പാടങ്ങളില് നിന്ന് നീക്കിയ പായലും പോളയും കായലില് നിറഞ്ഞത് ജലഗതാഗതാഗതത്തിന് ഭീഷണിയായി മാറി.
വേമ്പനാട്ടുകായലില് വിളക്കുമരം കുരിശടി മുതല് ബോട്ടുജെട്ടിവരെ പായല് നിറഞ്ഞത് കുമരകം നിന്നുള്ള ബോട്ട് സർവീസിനെയും ബാധിച്ചു. യാത്രക്കാർ ഒരു കിലോമീറ്ററോളം നടന്നു കായല്മുഖമായ കുരിശടി ഭാഗത്ത് എത്തിയാലേ മുഹമ്മയ്ക്കുള്ള ബോട്ടില് കയറാനാകൂ. രാത്രിയില് മുഹമ്മയില് നിന്നുള്ള ബോട്ടിന് ഈ ഭാഗത്ത് അടുക്കാനേ പറ്റുന്നുള്ളൂ. ആറ്റുതീരത്തെ കല്കെട്ടുകള് തകർന്നുകിടക്കുകയാണ്. വഴിവിളക്കുകള് ഇല്ലാത്തതിനാല് കുമരകംജെട്ടിവരെ ഇരുട്ടത്ത് നടക്കണം.
തണ്ണീർമുക്കം ബണ്ട് തുറന്ന് നല്ല ഒഴുക്കുവന്നാലേ പായലും പോളയും നീങ്ങൂ. വേലിയേറ്റത്തില് ഉപ്പുവെള്ളമെത്തിയാലേ ഇവ നശിക്കൂ. കാർഷികകലണ്ടർ അനുസരിച്ച് ബണ്ട് ഡിസംബർ 15നാണ് തുറക്കേണ്ടത്. കൃഷി വൈകി കൊയ്ത്തുനീണ്ടാല് ബണ്ട് തുറക്കുന്നതും വൈകും. അതുവരെ ജലഗതാഗതം പ്രശ്നമാകും.
പായലുംപോളയും നിറയുന്നത് കായല് ടൂറിസത്തെയും ബാധിക്കും. ജലഗതാഗതബോട്ടിന്റെയും ഹൗസ് ബോട്ടുകളുടെയും പ്രൊപ്പല്ലറില് പായല് കുടുങ്ങും. തുലാവർഷമെത്തിയതോടെ ഉച്ചകഴിഞ്ഞു കാറ്റും കോളുമാണ്. ദിശതെറ്റി ബോട്ട് ഒഴുകുന്ന സംഭവങ്ങള് ആവർത്തിക്കും. കഴിഞ്ഞ ദിവസം പായലില് കുടുങ്ങിയ ബോട്ടിലെ യാത്രക്കാരെ റെസ്ക്യൂ ബോട്ടെത്തിയാണ് കരക്കെത്തിച്ചത്.






