കാഞ്ഞിരപ്പള്ളി : മണ്ണനാനിയിലെ കലുങ്കിന്റെ നിർമാണം പൂർത്തിയാക്കിയിട്ട് ഒരുമാസം കഴിഞ്ഞിട്ടും റോഡ് തുറക്കാത്തതിനാൽ യാത്രാദുരിതം തുടരുന്നു. സെപ്റ്റംബർ മൂന്നിനാണ് കലുങ്കിന്റെ കോൺക്രീറ്റിങ് നടത്തിയത്. 25 ദിവസം വരെ കാലാവധി കഴിഞ്ഞ ശേഷം ഒരു വശത്തു കൂടിയെങ്കിലും ഗതാഗതം സാധ്യമാക്കുമെന്നാണ് അറിയിച്ചത്. എന്നാൽ സംരക്ഷണ ഭിത്തിയുടെ നിർമാണം പൂർത്തിയാകാത്തതിനാൽ നിലവിൽ കലുങ്കും റോഡുമായി ചേരുന്ന ഭാഗത്ത് മണ്ണിട്ട് നികത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്.
കഴിഞ്ഞ മേയ് 19ന് അടച്ച റോഡിലൂടെയുള്ള ഗതാഗത നിരോധനം അഞ്ച് മാസമായി തുടരുന്നു. കാഞ്ഞിരപ്പള്ളി-മണിമല റോഡിലോടുന്ന ബസുകളും ചെറുവാഹനങ്ങളും കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയാണ്. മണിമല റോഡിൽ കുരിശുങ്കലിനു സമീപം ബൈപ്പാസിന്റെ മേൽപ്പാലത്തിന്റെ തൂണുകൾ നിർമിക്കുന്നതിനാൽ ഇതുവഴി ചെറുവാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്. ബസുകൾ കാഞ്ഞിരപ്പള്ളിയിൽനിന്ന് കുന്നുംഭാഗത്തെത്തി മണിമല റോഡിൽ പ്രവേശിച്ച് ചിറക്കടവ് മൂന്നാം മൈലിൽനിന്ന് തിരിഞ്ഞ് തെക്കേത്തുകവല എസ്.വി.ആർ. എൻ.എസ്.എസ്. സ്കൂളിന് സമീപമെത്തി മണിമല-പൊൻകുന്നം റോഡിൽ പ്രവേശിച്ചാണ് മണിമലയ്ക്ക് പോകുന്നത്.
മൂന്നാം മൈൽ മുതൽ മണ്ണനാനി വരെയുള്ള ഭാഗത്തെ യാത്രക്കാർ ഏറെ ദൂരം നടന്നുവേണം ബസ് സ്റ്റോപ്പിലേക്കെത്താൻ. ചെറുവാഹനങ്ങൾ, മെറ്റൽ നിരത്തി ടാറങ്ങിനായി സജ്ജമാക്കിയ സ്ഥലത്തുകൂടിയാണ് യാത്ര ചെയ്യേണ്ടത്. റോഡ് മണ്ഡലകാലത്തിനുമുൻപ് റോഡ് തുറന്നുനൽകുമെന്നാണ് റോണി കെ. ബേബി എം.എൽ.എ. അറിയിച്ചിരിക്കുന്നത്. എന്നാൽ ടാറിങ്ങിന്റെ ജോലികൾ ഇതുവരെ ആരംഭിച്ചിട്ടുമില്ല. സംരക്ഷണഭിത്തിയുടെ കോൺക്രീറ്റിങ് ഉടൻ നടത്തുമെന്ന് അധികൃതർ അറിയിച്ചു.






