കോട്ടയം : കോട്ടയം മീനച്ചില്‍ താലൂക്കില്‍ വേളത്തുശ്ശേരിയിലുണ്ടായ മണ്ണടിച്ചിലില്‍ ഇരുചക്ര വാഹന യാത്രികയ്ക്ക് ദാരുണാന്ത്യം. ചെന്നൈ സ്വദേശിനി സംഗിത അരുള്‍ ലാല്‍(35) ആണ് മരിച്ചത്.
തമിഴ്നാട്ടില്‍ നിന്നും വിനോദസഞ്ചാരത്തിനായി എത്തിയ രണ്ട് തമിഴ്നാട് സ്വദേശിനികളാണ് അപകടത്തില്‍പ്പെട്ടത്. ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ വേലത്തുശ്ശേരി പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട ഒരാളെ രക്ഷപ്പെടുത്തി. വാഗമണില്‍ നിന്ന് സ്കൂട്ടറില്‍ മടങ്ങുമ്പോഴാണ് മണ്ണിടിച്ചിലില്‍ പെട്ടത്.
അതേസമയം ജില്ലയിലെ ശക്തമായ മഴയില്‍ മീനച്ചിലാര്‍ കരകവിഞ്ഞു. കോട്ടയം മംഗളഗിരിയില്‍ മണ്ണിടിച്ചില്‍ ഒരു വീട് പൂര്‍ണമായും ഒലിച്ച് പോയി. മറ്റൊരു വീടിന് കേടുപാടുകള്‍ സംഭവിച്ചതായും വിവരം. കൊച്ചരുവിയോട് ചേര്‍ന്നുള്ള വീടുകളാണ് നശിച്ചത്. കഴിഞ്ഞ പ്രളയത്തിന് പിന്നാലെ വീട്ടില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. കഴിഞ്ഞ പ്രളയത്തിലും മംഗളഗിരിയില്‍ ഉരുള്‍പൊട്ടിയിരുന്നു. കോട്ടയം ജില്ലയില്‍ ശക്തമായ ഇടിയും മിന്നലും മഴയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.






