കോട്ടയം : കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസിനുള്ളിൽ വച്ച് മദ്യപിച്ച സംഭവത്തിൽ നടപടി. മദ്യപിച്ച അഞ്ചംഗ സംഘത്തെ പോലീസ് പിടികൂടി. യാത്രക്കാർ നോക്കിനില്‍ക്കെയാണ് കെഎസ്ആർടിസി ബസിനുള്ളില്‍ അഞ്ചംഗ സംഘത്തിന്റെ പരസ്യ മദ്യപാനം.
കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരുന്ന കെഎല്‍ 15 എ 2517 എന്ന നമ്പർ ബസിനുള്ളിലാണ് സംഭവം നടന്നത്. ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ യാതൊരു കൂസലുമില്ലാതെയായിരുന്നു സംഘം മദ്യപിച്ചത്. സഹയാത്രികരില്‍ ഒരാള്‍ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തുകയും ഉടൻ തന്നെ ബസ് കണ്ടക്ടറെ വിവരമറിയിക്കുകയും ചെയ്തു. എന്നാല്‍ ആദ്യഘട്ടത്തില്‍ കണ്ടക്ടർ ഇത് ഗൗനിക്കാൻ തയ്യാറായില്ല.
തുടർന്ന്, സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവരികയും മാധ്യമങ്ങളില്‍ വാർത്തയാവുകയും ചെയ്തതോടെയാണ് അധികൃതർ നടപടിയെടുത്തത്. ബസ് പന്തളത്ത് എത്തിയപ്പോള്‍ മദ്യപിച്ച അഞ്ചംഗ സംഘത്തെ പോലീസിന് കൈമാറുകയായിരുന്നു.





