.തിരുവനന്തപുരം: ലയണല്‍ മെസിയെയും അര്‍ജന്റീന ഫുട്ബോള്‍ ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരാമെന്ന് വാഗ്ദാനം ചെയ്ത് സ്പോണ്‍സര്‍ഷിപ്പ് തട്ടിപ്പ് നടത്തിയ കേസില്‍ മുന്‍ മന്ത്രി വി.
അബ്ദുറഹിമാനെ പ്രതിയാക്കാന്‍ ആഭ്യന്തര വകുപ്പ് അനുമതി നല്കി. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി കേസെടുക്കാനാണ് നിര്‍ദേശം. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) കൈമാറിയിട്ടുണ്ട്.
മുന്‍പും സമാന കേസുകളില്‍ നിയമനടപടികള്‍ ഉണ്ടായ സാഹചര്യത്തില്‍, ഈ കേസില്‍ മുന്‍ മന്ത്രിക്കെതിരെ കേസെടുക്കുന്നതിന് മുന്നോടിയായി ആഭ്യന്തര വകുപ്പ് നിയമോപദേശം തേടിയിരുന്നു. അബ്ദുറഹിമാനു പുറമേ അദ്ദേഹത്തിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലന്, മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി എന്നിവര്‍ക്കെതിരെയും കേസെടുക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
അര്‍ജന്റീന ടീമുമായി ബന്ധപ്പെട്ട കരാറുകള്‍ക്ക് ആധികാരികത തോന്നിപ്പിക്കാനായി മുന്‍ മന്ത്രിയുടെ ഔദ്യോഗിക ഇ-മെയില്‍ വിലാസം ദുരുപയോഗം ചെയ്തതായി പ്രത്യേക അന്വേഷണ സംഘം നേരത്തേ കണ്ടെത്തിയിരുന്നു. മന്ത്രിയായിരുന്ന കാലത്ത് വി. അബ്ദുറഹിമാന് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തല്‍. കേസില്‍ വി. അബ്ദുറഹിമാനെതിരെ പ്രോസിക്യൂഷന് നടപടികള്‍ക്ക് ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂര്‍ നേരത്തേ തന്നെ അനുമതി നല്‍കിയിരുന്നു.
ഗവര്‍ണറുടെ അനുമതിയും നിയമോപദേശവും ലഭിച്ചതിനു പിന്നാലെയാണ് പ്രതിപ്പട്ടികയില്‍ മുന്‍ മന്ത്രിയെ ഉള്‍പ്പെടുത്താന്‍ ആഭ്യന്തര വകുപ്പ് തീരുമാനമെടുത്തത്. ലോകകപ്പ് ജേതാവായ മെസിയെയും സംഘത്തെയും കേരളത്തിലെത്തിക്കാമെന്ന പേരില്‍ നടന്ന സാമ്പത്തിക ഇടപാടുകളും സ്പോണ്‍സര്‍ഷിപ്പ് നീക്കങ്ങളുമാണ് വലിയ വിവാദങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും വഴിവച്ചത്. പ്രത്യേക അന്വേഷണ സംഘം ശേഖരിച്ച തെളിവുകളുടെയും ഡിജിറ്റല്‍ രേഖകളുടെയും അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍.
പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി. സത്യപാലന്റെയും മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലിയുടെയും പങ്കിനെക്കുറിച്ചും എസ്ഐടി വിശദമായി പരിശോധിച്ചിരുന്നു. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ കൂടി ചുമത്തുന്നതോടെ കേസില്‍ മുന്‍ മന്ത്രിക്കും മറ്റു പ്രതികള്‍ക്കുമെതിരെയുള്ള കുരുക്ക് കൂടുതല്‍ മുറുകും. വരും ദിവസങ്ങളില്‍ പ്രതികളെ ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുമെന്നാണ് സൂചന.





