അയർക്കുന്നം: ആറുമാനൂരിലെ 'അരങ്ങത്ത് തീപ്പെട്ടി' നിർമാണ യൂണിറ്റിൽ ബുധനാഴ്ച വൈകിട്ട് വൻ തീപിടിത്തമുണ്ടായി. തീപ്പെട്ടി നിർമാണത്തിനായി ഉപയോഗിക്കുന്ന കൊള്ളി ഉണക്കുന്ന ഡ്രയറിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ആളപായമൊന്നും ഉണ്ടായില്ല.
വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം സംഭവിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ തൊഴിലാളികളും നാട്ടുകാരും ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ അതിവേഗം പടർന്നതിനാൽ നിയന്ത്രണവിധേയമാക്കാൻ സാധിച്ചില്ല.
തുടർന്ന് കോട്ടയത്തുനിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി നടത്തിയ ശക്തമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ വൈകിട്ട് ആറുമണിയോടെ തീ പൂർണമായും അണച്ചു. അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.
അപകടത്തിൽ ഏകദേശം 60,000 രൂപയുടെ നാശനഷ്ടമുണ്ടായതായി സ്ഥാപന ഉടമ സിബി തോമസ് അരങ്ങത്ത് അറിയിച്ചു. സംഭവത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.






