വൈക്കം : വെച്ചൂർ ബണ്ട് റോഡിന് സമീപം ചേരകുളങ്ങര ഭാഗത്തുനിന്നും രണ്ടു ലോറികളിലായി അനധികൃതമായി കടത്താൻ ശ്രമിച്ച അഞ്ച് ടണ്‍ കക്കാത്തോട് ഫിഷറീസ് അധികൃതർ പിടിച്ചെടുത്തു. കക്കാ സഹകരണ സംഘങ്ങള്‍ക്ക് അനുവദിക്കുന്ന കടത്ത് പെർമിറ്റില്ലാതെയാണ് കക്കാത്തോട് കൊണ്ടുപോകാൻ ശ്രമിച്ചത്.
ഫിഷറീസ് വകുപ്പിന്റെ പതിവ് പട്രോളിംഗിന്റെ ഭാഗമായി വൈക്കം, നേരേ കടവ്, വെച്ചൂർ ഭാഗങ്ങളില്‍ നടത്തിയ പട്രോളിംഗിനിടയിലാണ് ചേർകുളങ്ങരയില് നിന്ന് അനധികൃതമായി കടത്തിയ കക്ക പിടികൂടിയത്. സ്വകാര്യ വ്യക്തികള്‍ക്ക് 200 കിലോയില്‍ കൂടുതല്‍ കക്കയും കക്കാ ത്തോടും കക്കഇറച്ചിയും ജല കരമാർഗങ്ങളില്കൂടി കൊണ്ടുപോകണമെങ്കില്‍ പെർമിറ്റ് നിർബന്ധമാണ്.
ഫിഷറീസ് വകുപ്പ് നല്കുന്ന പെർമിറ്റിന്റെ അടിസ്ഥാനത്തില്‍ കക്കസംഘങ്ങള് അനുവദിക്കുന്ന പാസ് ഉപയോഗിച്ചുമാത്രമേ കക്കത്തോട് വാഹനങ്ങളില്‍ കൊണ്ടുപോകാൻ സാധിക്കുകയുള്ളു. നിയമലംഘനം നടത്തിയവർക്കെതിരെ കിഫ ആക്ട് പ്രകാരം പിഴ ഈടാക്കി.






