തിരുവനന്തപുരം: ദില്ലിയിൽ കോൺഗ്രസ് നേതാക്കൾക്ക് നേരെ ഉണ്ടായ പൊലീസ് നടപടിക്കെതിരെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.
കോട്ടയം ഗാന്ധി സ്ക്വയറിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രകടനത്തിനുശേഷം നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി രാഹുൽ മറിയപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്തംഗം പി.കെ. വൈശാഖ്, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അനൂബ് അബൂബക്കർ, അരുൺ മാർക്കോസ്, കെ.എസ്.യു. സംസ്ഥാന സെക്രട്ടറി ജിത്തു ജോസ്, ഭാരവാഹികളായ ജിജി മുലംകുളം, അനസാ ആൽബിൻ, കർണൻ തുടങ്ങിയവർ സംസാരിച്ചു.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ അടക്കം വിവിധയിടങ്ങളിൽ പ്രതിഷേധവുമായി കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തെരുവിലറങ്ങി.
മന്ത്രിമാരും എംഎൽഎമാരും മുതിർന്ന നേതാക്കളും ഉൾപ്പെടെ പ്രതിഷേധത്തിൽ പങ്കെടുത്തു. നാളെ സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കാനും കോൺഗ്രസ് തീരുമാനിച്ചു.






