കോട്ടയം : പൊതുവഴികള്‍ കൈയേറി, നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പ്പറത്തി നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ക്കും വഴിയോര കച്ചവടങ്ങള്‍ക്കും നിയന്ത്രണം കടുപ്പിക്കാന്‍ കോട്ടയം നഗരസഭ. ലൈസന്‍സില്ലാത്ത കച്ചവടം, സമയപരിധി ലംഘനം, ശുചിത്വമില്ലായ്മ, ഒരാളുടെ പേരില്‍ ഒന്നിലധികം കടകള്‍ തുടങ്ങിയ ക്രമക്കേടുകള്‍ക്കെതിരെ ഘട്ടംഘട്ടമായി നടപടി സ്വീകരിക്കാനാണ് നഗരസഭയുടെ തീരുമാനം.
തെരുവോര കച്ചവടത്തിന്റെ മറവില്‍ പൊതുസ്ഥലങ്ങള്‍ കൈവശപ്പെടുത്തി വാടകയ്ക്ക് നല്കുന്ന രീതിയും അവസാനിപ്പിക്കാനാണ് നീക്കം. തെരുവോര കച്ചവടത്തിന് ലൈസന്‍സ് അനുവദിക്കുന്നതിനായി നഗരസഭ ക്ഷണിച്ച അപേക്ഷകളില്‍ 650 എണ്ണമാണ് ലഭിച്ചത്. ഇവയുടെ പരിശോധന പൂര്‍ത്തിയായപ്പോള്‍ ഭൂരിഭാഗം അപേക്ഷകരും ലൈസന്‍സിന് അര്‍ഹരല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അനര്‍ഹരെ ഒഴിവാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അടുത്ത കൗണ്‍സില്‍ യോഗം അന്തിമ തീരുമാനമെടുക്കും.
അതേസമയം അര്‍ഹരായ കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്കിയ ശേഷമായിരിക്കും തുടര്‍നടപടികള്‍. അതേസമയം പുതിയ നയം വരുന്നതോടെ രാത്രികാല യാത്രികര്‍ക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യമുണ്ടാകുമോ എന്ന ആശങ്കയും ഉണ്ട്. പുതിയ മാറ്റം വരുന്നതോടെ തട്ടുകടയില്‍ രണ്ടോമൂന്നോ സപ്ലയര്‍മാര്‍ മാത്രമേ കാണുകയുള്ളു.






