കോട്ടയം : സിഎസ്ഐ മധ്യ കേരള മഹായിടവകയുടെ 76മത് വാർഷിക കൗൺസിൽ ചേർന്നു. യോഗത്തിൽ അടുത്ത മൂന്ന് വർഷത്തേക്കുള്ള വൈദീക സെക്രട്ടറിയായി റവ. സജി കെ സാമിനെയും അത്മായ സെക്രട്ടറിയായി റോയ് കുര്യൻ കല്ലുമലയെയും തെരഞ്ഞെടുത്തു. ബിഷപ്പ് മലയിൽ ഡോ. സാബു കോശി ചെറിയാൻ അധ്യക്ഷത വഹിച്ചു.
വൈദീക സെക്രട്ടറിയായി തെരഞ്ഞെടുത്ത റവ. സജി കെ സാം നിലവിൽ കോട്ടയം മൂലേടം സെൻ്റ് പോൾസ് പള്ളി വികാരിയുമാണ്. പത്തനംതിട്ട ജില്ലയിലെ ചെന്നീർക്കര കാഞ്ഞിരം നിൽക്കുന്നതിൽ കുടുംബാംഗമാണ്. 1992ൽ ബിഷപ്പ് എംസി മാണിയിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചു തുടർന്ന് പത്തനംതിട്ട പുതുവൽ,കായംകുളം, പൊൻകുന്നം, ഓമല്ലൂർ, ദുബായ്, വാഴൂർ, തോലശ്ശേരി, കുമ്പനാട്, കീഴുവായ്പൂർ, നീലമ്പാറ, പന്നിമറ്റം എന്നീ ഇടവകകളിൽ വികാരിയായി പ്രവർത്തിച്ചു.
പള്ളം സ്പീച്ച്ലി കോളേജ്, തിരുവല്ല തോലശ്ശേരി ഹോക്സ്വർത്ത് സ്കൂൾ എന്നിവയുടെ ബർസാർ ആയും,
പള്ളം ഹോസ്പിറ്റൽ ഗവേണിംഗ് ബോർഡ് അംഗവുമായി പ്രവർത്തിച്ചു. 1993 മുതൽ 5 പ്രാവശ്യം സിനഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. എക്സിക്യൂട്ടീവ് കമ്മിറ്റി: 1993-ൽ ആദ്യമായി (35 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ) ഏറ്റവും കൂടുതൽ വോട്ട് നേടി എക്സിക്യൂട്ടീവ് അംഗമായി. തുടർന്ന് 1996, 1999, 2008, 2011, 2020, 2023 വർഷങ്ങളിലായി ആകെ 7 തവണ സി എസ് ഐ സിനഡ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചു. നിലവിൽ എക്സിക്യൂട്ടീവ് അംഗമായും, മഹായിടവകയിൽ നിന്നുള്ള ഏക സിനഡ് വർക്കിംഗ് കമ്മിറ്റി അംഗമായും പ്രവർത്തിക്കുന്നു.
സിഎസ്ഐ സൗത്ത് കേരള മഹായിടവകയിലെ പ്രശ്നകലുഷിതമായ കാലഘട്ടത്തിൽ സിനഡ് നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മീഷൻ അംഗമായിരുന്നു. മധ്യ കേരള മഹായിടവക പാസ്റ്ററൽ ബോർഡ്, എഡ്യൂക്കേഷൻ ബോർഡ്, ഫിനാൻസ് ബോർഡ്, സോഷ്യൽ ബോർഡ്, മിഷൻ ബോർഡ്, പ്രോപ്പർട്ടി കമ്മിറ്റി, മഹായിടവക കോടതി, ഡീലിമിറ്റേഷൻ കമ്മിറ്റി, തർക്കപരിഹാര കമ്മിറ്റി എന്നിവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.
നിലവിൽ മഹായിടവക പ്രോപ്പർട്ടി കമ്മിറ്റി സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. ഡിസ്ട്രിക്ട് ചെയർമാൻ, നിലക്കൽ എക്യൂമിനിക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ 3 വർഷമായി മഹായിടവക കൺവെൻഷൻ ഫിനാൻസ് കമ്മിറ്റി കൺവീനറായും, വനിതാരവം ഫിനാൻസ് കമ്മിറ്റി കൺവീനറായും പ്രവർത്തിച്ചു.
ഭാര്യ അടൂർ ഏഴംകുളം വിളവിനാൽ ബീനാ സജി. മഹായിടവക സ്ത്രീജനസഖ്യം പ്രൊജക്ടുകളായ ജൂവൽബോക്സ്, സാരഫാത്ത് എന്നിവയുടെ കൺവീനറാണ് ബീനാ സജി. മികച്ച വനിതാ കർഷകയ്ക്കുള്ള പത്തനംതിട്ട ജില്ലാ അവാർഡും, എസ്.ഡി. ഫൗണ്ടേഷൻ അവാർഡും നേടിയിട്ടുണ്ട്. കൂടാതെ ഹരിത പാഴ്സനേജിനുള്ള മഹായിടവക അവാർഡും ഇവർക്ക് ലഭിച്ചിട്ടുണ്ട്. മക്കൾ: ആശിഷ്(ദുബായി), ആരോൺ(ഐടീ വിഭാഗം, കാരിത്താസ് ഹോസ്പിറ്റൽ കോട്ടയം), മരുമകൾ ശ്വേത (ദുബായ്) എന്നിവരാണ്.
മധ്യ കേരള മഹായിടവക അത്മായ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട റോയ് കുര്യൻ കല്ലുമല , മാവേലിക്കര ഗവ ടീ ടീഐ മുൻ പ്രിൻസിപ്പലും, ചന്തിരൂർ ഗവ. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ, മഞ്ചേശ്വരം ഗവ കോളേജ്, സിഎംഎസ് കോർപ്പറേറ്റ് മാനേജ്മെൻ്റ് എന്നിവിടങ്ങളിൽ അധ്യാപകനായി പ്രവർത്തിച്ചു.
മാവേലിക്കരയിലെ ബിഷപ്പ് മൂർ വിദ്യാപീഠം, ബിഷപ്പ് ഹോട്ട്ജസ് സ്കൂൾ എന്നിവയുടെ ഗവേണിങ് ബോർഡ് അംഗം, മഹായിടവക എഡ്യൂക്കേഷൻ ബോർഡ് അംഗം എന്നി നിലകളിൽ.പ്രവർത്തിച്ചു.
ഇപ്പൊൾ മൂന്നാം തവണ മഹായിടവക കൗൺസിൽ അംഗമായി തെരഞ്ഞെടുത്തത്. സാമൂഹ്യ ശാസ്ത്രത്തിൽ സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ ആയി പ്രവർത്തിച്ച റോയ് കുര്യൻ കല്ലുമല മാവേലിക്കര മാനവിക ദർശന വേദി ജനറൽ സെക്രട്ടറിയും കല്ലുമല സെൻ്റ് പോൾസ് സിഎസ്ഐ പള്ളിയുടെ ചർച്ച് അവാർഡനുമാണ്.
മഹായിടവക ട്രഷറർ ആയി സെർച്ച് കമ്മറ്റി നിർദേശിച്ച റവ. അനൂപ് ജോർജ് ജോസഫ് (സെൻ്റ് ആൻഡ്രൂസ് സിഎസ്ഐ ചർച്ച് മച്ചുകാട്) തെരഞ്ഞെടുത്തു. മഹായിടവകയുടെ അടുത്ത മൂന്ന് വർഷത്തെ രജിസ്ട്രാർ ആയി അഡ്വ. ഷീബ തരകനേയും (മുണ്ടിയപള്ളി) വീണ്ടും തെരഞ്ഞെടുത്തു.





