കോട്ടയം : അഖിലേന്ത്യാ അവാർഡി ടീച്ചേഴ്സ് ഫെഡറേഷൻ കേരള ഘടകം നൽകുന്ന 32ാമത് ഗുരുശ്രേഷ്ഠ പുരസ്കാരം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ എലിസബത്ത് ജിസ്സ് നൈനാന് ലഭിച്ചു.
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലെ മികവ്, ഗണിതത്തിൽ പിന്നോക്കം നിന്ന വിദ്യാർത്ഥികൾക്ക് നൽകിയ പ്രത്യേക പരിഗണന, വിദ്യാർത്ഥികളിൽ മൂല്യബോധവും സ്വഭാവരൂപീകരണവും വളർത്തുന്നതിന് നൽകിയ പ്രാധാന്യം എന്നിവ പരിഗണിച്ചാണ് പുരസ്കാരം. ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്നാണ് അവാർഡ് ലഭിച്ചത്. സംസ്ഥാനത്തെ നാൽപ്പത്തിയൊന്ന് അധ്യാപകർക്ക് ഗുരുശ്രേഷ്ഠ പന്ത്രണ് വിശിഷ്ട വ്യക്തികൾക്ക് പ്രത്യേക പുരസ്കാരം പ്രഖ്യാപിച്ചു.
വിദ്യാർത്ഥികളുടെ പഠനത്തിനും വളർച്ചയ്ക്കുമായി സമർപ്പിതമായി പ്രവർത്തിച്ച അധ്യാപികയാണ് എലിസബത്ത് ടീച്ചർ. സിഎംഎസ് എച്ച്എസ്എസ് മല്ലപ്പള്ളി, സിഎംഎസ് കോളജ് എച്ച്എസ്എസ് കോട്ടയം എന്നിവിടങ്ങളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ച ടീച്ചർ, സിഎംഎസ് എച്ച്എസ്എസ് കുഴിക്കാല, സിഎംഎസ് കോളജ് എച്ച്എസ്എസ് കോട്ടയം എന്നിവിടങ്ങളിൽ പ്രിൻസിപ്പലായും മികച്ച സേവനം കാഴ്ചവെച്ചു.
സിഎംഎസ് സ്കൂളുകളിലെ സേവനകാലത്തെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ
സിഎംഎസ് കോളജ് എച്ച് എസ് എസ് കോട്ടയത്ത് പ്രിൻസിപ്പലായിരുന്ന കാലഘട്ടത്തിൽ എല്ലാ വർഷവും സിഎസ് ഐ എം. കെ. ഡി.റ്റി.എ മികവ് മത്സരത്തിൽ സ്കൂളിന് ഒന്നാം സ്ഥാനം നേടുന്നതിന് നേതൃത്വം നൽകി. സ്കൂളിന്റെ റിസൾട്ട് മെച്ചപ്പെടുത്തുന്നതിനും ചിട്ടയായ പഠനപരിശീലനം വിദ്യാർത്ഥികളിലെത്തിക്കുന്നതിനും പ്രത്യേക ശ്രദ്ധ ചെലുത്തി.
സ്കൂൾ ക്യാമ്പസ് നവീകരണം, ബെയ്ലി കോർണർ, സ്കൂൾ പുനരുദ്ധാരണ പ്രവർത്തനങ്ങൾ, വിവിധ ആരോഗ്യ ക്യാമ്പുകൾ, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, കരിയർ ഗൈഡൻസ് തുടങ്ങിയ മേഖലകളിലും ടീച്ചർ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വിദ്യാർത്ഥികൾക്കായി ബെഞ്ചമിൻ ബെയ്ലി ഇഗ്നൈറ്റ് സ്കോളർഷിപ്പ്, പുഞ്ചിരി സ്കോളർഷിപ്പ് എന്നിവ ഏർപ്പെടുത്തുന്നതിനും ടീച്ചർ നേതൃത്വം നൽകി. സി. എം. എസ്. കോളജ് എച്ച് എസ് എസ് കോട്ടയത്തിന്റെ രജതജൂബിലി ആഘോഷങ്ങൾക്കും ടീച്ചർ നേതൃത്വം നൽകി.
അധ്യാപനത്തിന്റെ ആദ്യകാലത്ത് കുട്ടികളെ സ്വന്തം വീട്ടിൽ കൊണ്ടുപോയി പഠിപ്പിച്ചിരുന്ന ടീച്ചർ, കോവിഡ് കാലത്തും യൂട്യൂബ് ചാനൽ വഴി അധ്യാപനം തുടർന്നു. എച്ച്.ഐ. റ്റി.സി എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എന്നീ നിലകളിലും മികച്ച സേവനം കാഴ്ചവെച്ചു. സിഎംഎസ് കോളേജിലെ ജ്യോതിസ് (വിമൻസ് സെൽ) സംഘടനയുടെ ആദ്യ പ്രസിഡന്റായും ടീച്ചർ പ്രവർത്തിച്ചു.
ബേക്കർ സ്കൂൾ പൂർവ വിദ്യാർത്ഥിനി കൂടിയായ ടീച്ചർ ബേക്കർ സ്കൂൾ പൂർവ്വ വിദ്യാർത്ഥിനി സംഘടന മീറ്റിംഗ് നടത്തി സ്കൂളിൻ്റെ ഭൗതിക ആവശ്യങ്ങൾ അറിയിച്ചു. പൂർവ്വ വിദ്യാർത്ഥിനികളെ കൂടാതെ പി.റ്റി എ, മാനേജ്മെൻ്റ് എന്നിവരോടൊപ്പം നാൽപത് വർഷം പഴക്കമായ സ്കൂൾ ഓഡിറ്റോറിയം നവീകരിക്കാൻ വേണ്ട ഒരുക്കത്തിലാണ്. ഈ വർഷത്തെ കോട്ടയം ഈസ്റ്റ് ഉപജില്ല കലോൽസവം, ഗൈഡ്സ് റേഞ്ചേഴ്സിൻ്റെ ദ്വിതീയ സോപാൻ ടെസ്റ്റ് ക്യാമ്പ്, കോട്ടയം ജില്ല എന്നിവയ്ക്ക് ബേക്കർ സ്കൂൾ ആതിഥേയത്വം വഹിച്ചു.
വളരെ ശാന്തമായി വിദ്യാർത്ഥികളോടും അധ്യാപകരോടും ഇടപഴകുകയും, സ്കൂളിൽ കൂടുതൽ സമയം ചെലവഴിച്ച് കാര്യങ്ങൾ കാര്യക്ഷമമായി നിർവഹിക്കുകയും ചെയ്യുന്നതാണ് എലിസബത്ത് ടീച്ചറുടെ പ്രവർത്തനശൈലി. സിഎസ്ഐ മദ്ധ്യ കേരള മഹായിടവക അധ്യാപക അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ആണ്. 2026 ഡിസംബർ അവസാനവാരം തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും.





