കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശൻ അധികാരത്തിൽ വന്ന് ആറ് മാസം പൂർത്തിയാകുന്ന ഘട്ടത്തിൽ, ജലവിഭവ വകുപ്പിൻ്റെ കീഴിൽ നടപ്പാക്കുന്ന സമഗ്ര ഭരണ പരിഷ്കാരങ്ങളും പുതിയ പദ്ധതികളും വിശദീകരിച്ച് ജലവിഭവ - ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ്.
കേരള വാട്ടർ അതോറിറ്റിയുടെ പ്രവർത്തനത്തിൽ സമഗ്ര അഴിച്ചുപണി നടപ്പാക്കുന്നു.
കുടിവെള്ളം ജനങ്ങളുടെ അവകാശമാണെന്നതാണ് സർക്കാരിന്റെ അടിസ്ഥാന നയം.
കുടിവെള്ള വിതരണത്തിലെ പോരായ്മകളുടെയും , നിരന്തരമായി പൈപ്പ് പൊട്ടുന്ന ദുരവസ്ഥയെക്കുറിച്ചും , അവ യഥാസമയം നന്നാക്കാത്ത അവസ്ഥയെക്കുറിച്ചും ജനങ്ങൾ വ്യാപകമായി ഉന്നയിക്കുന്ന പരാതികൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുന്ന വിധത്തിൽ വാട്ടർ അതോറിറ്റിയെ സജ്ജമാക്കുന്നതിനുള്ള തീവ്ര യജ്ഞ പരിപാടി ആവിഷ്കരിച്ചു.
ജനങ്ങളുടെ പരാതികൾ പരിഹരിക്കുകയും കുടിവെള്ള വിതരണം സമയ ബന്ധിതമായി നടപ്പാക്കുകയും ചെയ്തുകൊണ്ട് കേരള വാട്ടർ അതോറിറ്റിയെ കാര്യക്ഷമതയുള്ള ജനസേവന വകുപ്പാക്കി മാറ്റി എടുക്കുവാൻ ഭരണ സംവിധാനം സമഗ്രമായി അഴിച്ചു പണിയുന്നതിന് സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.
ജലവിഭവ വകുപ്പിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് വാട്ടർ അതോറിറ്റി എം.ഡിയും ചീഫ് എൻജിനീയർമാരും ഉൾപ്പെട്ട വിദഗ്ധ സംഘം വിലയിരുത്തൽ നടത്തി സർക്കാരിലേക്ക് റിപ്പോർട്ട് അടിയന്തിരമായി സമർപ്പിക്കും.
ഉദ്യോഗസ്ഥ തലത്തിലെ സാങ്കേതിക വിദഗ്ദ്ധർ, മുൻകാല ഭരണാധികാരികൾ എന്നിവരുടെ നിർദ്ദേശങ്ങൾ കൂടി സ്വീകരിച്ച് ഡിസംബർ 31-നകം വകുപ്പ് തല പുനഃസംഘടനയുടെ പ്രക്രിയ പൂർത്തിയാക്കുന്നതാണ്.
കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ടുള്ള പരാതികൾ പരിഹരിക്കുന്നതിനും നിലവിലുള്ള പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിനും
ഇറിഗേഷൻ വകുപ്പിൻ്റെ കീഴിൽ നടപ്പാക്കുന്ന പദ്ധതികളുടെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനും വേണ്ടി പതിനാലു ജില്ലകളിലും എംഎൽഎ മാരുടെയും ജില്ലാ - ബ്ലോക്ക് ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ ജല വിഭവ
വകുപ്പിലെ പ്രധാന ഉദ്യോഗസ്ഥർ പങ്കെടുത്തുകൊണ്ടുള്ള ഉന്നത തല യോഗം പതിനാലു ജില്ലകളിലും വിളിച്ചു ചേർക്കാൻ നടപടി സ്വീകരിച്ചു.
നവംബർ 10 ചൊവ്വാഴ്ച ഉച്ചക്ക് 12 മണി മുതൽ കോട്ടയം കളക്ടറേറ്റിൽ ചേരുന്നതാണ് കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രഥമ യോഗം ഉദ്ഘാടനം ചെയ്യും
ജലവിഭവ വകുപ്പ് മന്ത്രി അഡ്വ.മോൻസ് ജോസഫ് അധ്യക്ഷത വഹിക്കും.
ശബരിമല തീർഥാടനം ആരംഭിക്കുന്നതിന് മുന്നോടിയായി കേരള വാട്ടർ അതോറിറ്റിയും ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റും
നടപ്പാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള വിവിധ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും മണ്ഡലകാലത്ത് കുറ്റമറ്റ നിലയിൽ ജലവിഭവ വകുപ്പിൻ്റെ
പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനും വേണ്ടി സ്വീകരിച്ചിട്ടുള്ള നടപടികൾ പരിശോധിക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട എംഎൽഎ മാരുടെയും ഉദ്യോഗസ്ഥരുടെയും
സാന്നിധ്യത്തിൽ നവംബർ 9 ന് ഉച്ചകഴിഞ്ഞ് 2:30 മുതൽ പത്തനംതിട്ട ജില്ലാ കളക്ടറേറ്റിൽ വെച്ച് ജല വിഭവ വകുപ്പിൻ്റെ ഉന്നത തല അവലോകന യോഗം ചേരുന്നതാണ്.
നിലയ്ക്കൽ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുന്നതാണ്.
നിലയ്ക്കൽ പദ്ധതിയിൽ മുൻ കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്തിയതിലും തുടർനടപടികളിലും നിലനിൽക്കുന്ന അനിശ്ചിതത്വം യോഗത്തിൽ ചർച്ച ചെയ്യും.
പത്തനംതിട്ട ജില്ലയിലെ എം.എൽ.എമാരുമായി കൂടിയാലോചിച്ച് ശുദ്ധജല വിതരണം ഉറപ്പാക്കാൻ മുൻഗണന നൽകി പരിഹാരം കാണുന്നതാണ്.
പഴകിയ പൈപ്പുകൾ മാറ്റിസ്ഥാപിക്കും കാലപ്പഴക്കം ചെന്ന പൈപ്പുകൾ പൊട്ടുന്നത് കണ്ടെത്താൻ പോലും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്,
ഇത്തരം പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കാൻ സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. സംസ്ഥാനവ്യാപകമായി ഇതിനൊരു പുനരുദ്ധാരണ പദ്ധതി നടപ്പാക്കുന്നതാണ്.
പൈപ്പ് പൊട്ടൽ മുൻകൂട്ടി അറിയാനും നന്നാക്കാനുമുള്ള സിസ്റ്റം: പൈപ്പുകൾ പൊട്ടുന്ന ദുർബല സാഹചര്യങ്ങൾ മുൻകൂട്ടി കണ്ടെത്താനും സമയബന്ധിതമായി നന്നാക്കാനും ആഗോളതലത്തിൽ നിലവിലുള്ള ആധുനിക സംവിധാനങ്ങൾ കേരളത്തിലും
നടപ്പാക്കാൻ വിവിധ ഏജൻസികളുടെ പ്രൊപ്പോസലുകൾ സർക്കാർ പരിശോധിച്ചു വരികയാണ്. ഏറ്റവും അനുയോജ്യമായ ഏജൻസിയെ ഇതിനായി ചുമതലപ്പെടുത്തികൊണ്ട് ഇക്കാര്യം നടപ്പാക്കാൻ മുൻഗണന നൽകുന്നതാണ് .
അറ്റകുറ്റപ്പണി തൊഴിലാളികളുടെ കുടിശ്ശിക: എച്ച്. ആർ വിഭാഗത്തിൽ അറ്റകുറ്റപ്പണി പ്രവർത്തികൾ ചെയ്യുന്ന ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രണ്ടു വർഷമായി പണം ലഭിക്കാതെ കുടിശ്ശിക ഉണ്ടായിരിക്കുകയാണ്.
ഇപ്രകാരമുള്ള കുടിശ്ശിക തുക ഏതാനും ഘട്ടങ്ങളായി കൊടുത്തു തീർക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണ് .
ജൽ ജീവൻ മിഷൻ (JJM) – പ്രതിസന്ധികളും പരിഹാരവും
ജൽ ജീവൻ മിഷൻ പദ്ധതിയിൽ നിലവിലുള്ള സ്കീമുകൾ സർക്കാർ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ വിവിധങ്ങളായ പ്രതിസന്ധികളാണ് കണ്ടെത്തിയിരിക്കുന്നത് .
ജൽ ജീവൻ മിഷൻ്റെ പൈപ്പുകൾ കുഴിച്ചിട്ടുള്ളതല്ലാതെ കുടിവെള്ളം കൊടുക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
അനവധി സ്ഥലങ്ങളിൽ പൈപ്പുകൾ കൂട്ടിയിട്ടിരിക്കുകയാണ്.
ജലവിതരണത്തിന് ആവശ്യമായ ജല സംഭരണി ഉൾപ്പെടെയുള്ള വാട്ടർ കമ്പോണെൻ്റസ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രതിസന്ധി.
എന്നാൽ ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പുതിയ വാട്ടർ കണക്ഷനുകൾ നിർലോഭമായി കൊടുത്തിരിക്കുകയാണ് ഇതിലേക്ക് ആവശ്യമായ വെള്ളം സംഭരിക്കാനുള്ള നടപടികൾ ഉണ്ടാകാതെ പോയത് മൂലം പദ്ധതി പ്രവർത്തനങ്ങൾ പരിചയപ്പെടാൻ ഇടയായി.
ഇത്തരം സാഹചര്യങ്ങൾ മൂലം താളം തെറ്റിയ ജൽ ജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങൾ കേന്ദ്ര സർകാർ അനുവദിച്ചിട്ടുള്ള 2028 കാലാവധിക്കുള്ളിൽ പുനരാരംഭിക്കുന്നതിനും പൂർത്തിയാക്കുന്നതിനുള്ള തീവ്ര ജജ്ഞ പരിപാടിയ്ക്ക്കാണ് സർകാർ രൂപം നൽകുന്നത്.
കേന്ദ്ര നിർദ്ദേശവും മുടങ്ങിയ പദ്ധതികളും: 2022-23, 2023-24 കാലഘട്ടത്തിലെ വർക്കുകൾ സംസ്ഥാനത്ത് സമയബന്ധിതമായി പൂർത്തിയാക്കാത്തതിനാൽ കേന്ദ്ര സർക്കാർ നിർത്തിവെക്കാൻ നിർദ്ദേശിച്ച പ്രവൃത്തികൾ നിലവിൽ നിശ്ചലാവസ്ഥയിലാണ്.
ഇവ പുനഃപരിശോധിച്ച് പൂർത്തിയാക്കാൻ യുഡിഎഫ് സർക്കാർ കേന്ദ്രത്തോട് പ്രത്യേക അനുമതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഡിപ്പാർട്ട്മെന്റൽ ഓഡിറ്റ്: ജൽ ജീവൻ മിഷനുമായി ബന്ധപ്പെട്ട് മുൻ സർക്കാരിന്റെ കാലത്തുണ്ടായ ക്രമക്കേടുകൾ,
വീഴ്ചകൾ, നിലവിലെ കൃത്യമായ സ്റ്റാറ്റസ് എന്നിവ പരിശോധിക്കാൻ ഒരു 'ഡിപ്പാർട്ട്മെന്റൽ ഓഡിറ്റ്' നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് വന്ന ശേഷം തുടർനടപടികൾ സ്വീകരിക്കും.
140 അസംബ്ലി മണ്ഡലങ്ങളിലും സ്റ്റാറ്റ്യൂട്ടറി സമിതി:
ജലവിഭവ വകുപ്പിൻ്റെ പദ്ധതികൾ ഏകോപിപ്പിക്കാനും വാട്ടർ അതോറിറ്റിയും പിഡബ്ല്യുഡിയും എൽ.എസ്.ജി.ഡിയും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനും കാര്യക്ഷമതയോടെ
കുടിവെള്ളത്തിൻ്റെയും ഇറിഗേഷൻ്റെയും വകുപ്പ് തല പ്രവർത്തനങ്ങൾ ജനോപകാര പ്രധമാക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് 140 അസംബ്ലി മണ്ഡലങ്ങളിലും എം.എൽ.എ
ചെയർമാനായുള്ള ഒരു സ്റ്റാറ്റ്യൂട്ടറി സമിതി രൂപീകരിക്കാൻ സർകാർ തീരുമാനിച്ചിട്ടുണ്ട് ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത്
ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സമിതിയാണ് എല്ലാ മാസവും യോഗം ചേർന്ന് പ്രശ്ന പരിഹാരത്തിനും ആവശ്യങ്ങൾ തീർപ്പാക്കുന്നതിനും വേണ്ടി നടപടി സ്വീകരിക്കുന്നത്.
താഴെത്തട്ടിൽ തീർപ്പാക്കാൻ കഴിയാത്ത പരാതികൾ മൂന്നു മാസത്തിലൊരിക്കൽ ജില്ലാ കളക്ടർമാരുടെ സാന്നിധ്യത്തിലും ആറു മാസത്തിൽ ഒരിക്കൽ മന്ത്രിതല യോഗത്തിലും പരിശോധിക്കുന്നതിനും തീർപ്പാക്കുന്നതിനുമാണ് തീരുമാനിച്ചിട്ടുള്ളത് .
റോഡ് പുനരുദ്ധാരണം പുതിയ നയം
വാട്ടർ അതോറിറ്റി ഇനി ടാറിംഗ് നടത്തില്ല: വാട്ടർ അതോറിറ്റി പൈപ്പിടാൻ റോഡുകൾ വെട്ടിപ്പൊളിച്ചാൽ ഇനി വാട്ടർ
അതോറിറ്റി നേരിട്ട് ടാറിംഗ് നടത്തില്ല. പൊതുമരാമത്ത് വകുപ്പിനും (PWD) തദ്ദേശ സ്വയംഭരണ വകുപ്പിനുമാണ് (LSGD) ചുമതല.
തുക വാട്ടർ അതോറിറ്റി നൽകും: റോഡ് വെട്ടിപ്പൊളിച്ചാൽ അത് റീസ്റ്റോർ ചെയ്യാനുള്ള തുക വാട്ടർ അതോറിറ്റി പി.ഡബ്ല്യു.ഡിക്കോ തദ്ദേശ സ്ഥാപനങ്ങൾക്കോ കൈമാറും.
അവരുടെ അനുമതിയോടെ മാത്രമേ റോഡ് വെട്ടാനും നവീകരിക്കാനും പാടുള്ളൂ എന്നതാണ് പുതിയ പാടുള്ളൂ.
ഉപഭോക്താക്കൾക്കായി അദാലത്തുകൾ
ഡിവിഷൻ തലത്തിൽ അദാലത്ത് (ഡിസംബർ – ജനുവരി): അമിത വെള്ളക്കരം, മീറ്റർ റീഡിംഗിലെ അപാകതകൾ, വലിയ വെള്ള കുടിശ്ശിക എന്നിവ പരിഹരിക്കാൻ ഡിസംബർ, ജനുവരി മാസങ്ങളിൽ എല്ലാ ജില്ലകളിലും എക്സിക്യൂട്ടീവ് എൻജിനീയർമാരുടെ നേതൃത്വത്തിൽ ജനകീയ അദാലത്തുകൾ സംഘടിപ്പിക്കും.
ന്യായമായ ഇളവുകൾ, തവണ വ്യവസ്ഥകൾ എന്നിവ അനുവദിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു.
കുടിശ്ശിക മൂലം വിച്ഛേദിച്ച കണക്ഷനുകൾ കുറഞ്ഞ തുക അടപ്പിച്ച് പുനഃസ്ഥാപിക്കുന്നതിനും സർകാർ നടപടി സ്വീകരിച്ചിട്ടുണ്ട് .
റവന്യൂ റിക്കവറി അദാലത്ത്: ജപ്തി ഭീഷണി നേരിടുന്ന കേസുകൾക്കായി ഡിസംബർ ആദ്യവാരം കടുത്തുരുത്തി ഡിവിഷൻ കേന്ദ്രീകരിച്ച് (വൈക്കം, മീനച്ചിൽ താലൂക്കുകൾക്കായി വെവ്വേറെ) റവന്യൂ അദാലത്തുകൾ പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്നതാണ്. തുടർന്ന് ഇത് സംസ്ഥാനവ്യാപകമായി നടപ്പാക്കാൻ നടപടി സ്വീകരിക്കുന്നതാണ് .
സ്റ്റേറ്റ് വാട്ടർ കോൺക്ലേവ് (ഡിസംബർ / ജനുവരി): ജില്ലാതല യോഗങ്ങൾക്ക് ശേഷം വിവിധ രംഗങ്ങളിലെ പ്രഗത്ഭരായ വിദഗ്ധരെ ഉൾപ്പെടുത്തി കേരള വാട്ടർ കോൺക്ലെവ് സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട് .
യുഡിഎഫ് സർക്കാരിൻറെ അഞ്ചു വർഷ കാലാവധിക്കുള്ളിൽ ജലവിഭവ വകുപ്പിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രധാനപ്പെ കർമ്മ പരിപാടികൾ തീരുമാനിക്കുന്നതിന് കേരള വാട്ടർ കോൺക്ലെവ് മുഖ്യ വേദിയായി തീരുന്നതാണ്.
അന്തർസംസ്ഥാന നദീജല കരാറുകൾ
മുല്ലപ്പെരിയാർ ഡാം സുരക്ഷ – സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം:
രണ്ട് സംസ്ഥാനങ്ങളുടെയും സംയുക്ത പരിശോധനയ്ക്ക് ശേഷം ഡാമിന്റെ സുരക്ഷ സംബന്ധിച്ച് വിശദമായ പരിശോധന അടിയന്തരമായി നടത്തേണ്ടതുണ്ട്.
2022-ലെ സുപ്രീം കോടതി ഇടക്കാല ഉത്തരവ് പ്രകാരം ഡാമിന്റെ സുരക്ഷ പരിശോധിക്കാൻ അനുമതി ലഭിച്ചിരുന്നെങ്കിലും മുൻ സർക്കാരിൻ്റെ കാലഘട്ടത്തിൽ തുടർ നടപടികൾ ഉണ്ടാവാതിരുന്നത് ഇക്കാര്യത്തിൽ പ്രതിസന്ധിക്ക് ഇടയാക്കി ഈ സാഹചര്യം പരിഹരിക്കുന്നതിന് വേണ്ടി .
ഡാമിന്റെ ഡീറ്റെയിൽഡ് സുരക്ഷാ പരിശോധന യാഥാർത്ഥ്യമാക്കാൻ സുപ്രീം കോടതിയിൽ പ്രത്യേക സത്യവാങ്മൂലം (Special Affidavit) സമർപ്പിക്കാൻ സർക്കാർ തീരുമാനിക്കുകയുണ്ടായി.
ഇതിനായി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ മോഹൻ കട്ടാർക്കിയുടെ നേതൃത്വത്തിലുള്ളലീഗൽ ടീമിനെ ഡൽഹിയിൽ ചുമതലപ്പെടുത്തുകയുണ്ടായി. കേന്ദ്ര ജലശക്തി മന്ത്രാലയവുമായി ചർച്ച ആവശ്യപ്പെട്ടിട്ടുണ്ട്. കേരള - തമിഴ്നാട് സംസ്ഥാന പ്രതിനിധികളെ ഒരുമിച്ചിരുത്തി പ്രശ്നപരിഹാരമുണ്ടാക്കാനും അഭിപ്രായ സമന്വയം ഉണ്ടാക്കാനും കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പറമ്പിക്കുളം - ആളിയാർ കരാർ (നവംബർ 13-ന് സംയുക്ത യോഗം):
കാലാവധി കഴിഞ്ഞ പറമ്പിക്കുളം - ആളിയാർ കരാർ പുതുക്കണമെന്നുള്ള ആവശ്യം കേരളം ഉന്നയിച്ചിട്ടുണ്ട് .
ഇപ്രാവശ്യത്തെ കാർഷിക ആവശ്യത്തിനുള്ള വെള്ളം ലഭിക്കുന്നതിന് വേണ്ടി ചർച്ച നടത്താൻ കേരളവും തമിഴ്നാടും തമ്മിലുള്ള സംയുക്ത സമിതി യോഗം നവംബർ 13-ന് ചേരാൻ തീരുമാനിച്ചിട്ടുണ്ട്
കേരളത്തിൻ്റെ ചീഫ് എഞ്ചിനീയർ.ആർ. പ്രിയേഷിൻ്റെ അധ്യക്ഷതയിൽ ഭൂതത്താൻ കെട്ടിലാണ് യോഗം ചേരുന്നത്. കേരളത്തിന് അർഹമായ ജലവിഹിതം ലഭ്യമാക്കുകയാണ് ചർച്ചയുടെ ലക്ഷ്യം.ഇത്തവണ യോഗത്തിന്റെ ചെയർമാൻ സ്ഥാനം കേരളത്തിനാണ് നിശ്ചയിച്ചിട്ടുള്ളത്.
ട്രാവൻകൂർ സമഗ്ര ജലനയം & വേമ്പനാട് ശുദ്ധീകരണ മാസ്റ്റർ പ്ലാൻ
തോടുകളിലും ജലാശയങ്ങളിലും മാലിന്യവും ചെളിയും നിറഞ്ഞ അവസ്ഥ മാറ്റാൻ സമഗ്രമായ ജലനയവും മാസ്റ്റർ പ്ലാനും യു.ഡി.എഫ് സർക്കാർ പ്രാവർത്തികമാക്കും.
വേമ്പനാട് കായലിന്റെ ആഴം കൂട്ടാനും അടിഞ്ഞുകൂടിയ ചെളിയും മണ്ണും നീക്കം ചെയ്ത് സംഭരണശേഷി വർദ്ധിപ്പിക്കാനും നടപടി സ്വീകരിക്കും.
പമ്പ, മണിമല, മീനച്ചിൽ, മൂവാറ്റുപുഴ ആറുകൾ ശുദ്ധീകരിച്ച് ഒഴുക്ക് സുഗമമാക്കും. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ കാർഷിക-പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കുന്ന വിധത്തിൽ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിനെ ഉൾപ്പെടുത്തി സ്പെഷ്യൽ പ്രോജക്ട് റിപ്പോർട്ട് ചുരുങ്ങിയ സമയത്തിനകം തയ്യാറാക്കും.






