കോട്ടയം: മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലൈസൻസ് നിബന്ധനയില് സർക്കാർ വരുത്തിയ ഇളവ് ചെറുകിട കോഴി, കന്നുകാലി ഫാമുകള് നടത്തുന്ന കർഷകർക്ക് ആശ്വാസമായി.
പന്നിവളർത്തല് ഫാമുകള് ഒഴിച്ച് കോഴി, കന്നുകാലി, മുയല് ഫാമുകകള് പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ ലൈസൻസ് നിബന്ധനകളിലാണ് ഭേദഗതി. ഫാമുകള്ക്ക് മറ്റു സ്ഥാപനങ്ങളുമായും വീടുകളുമായുള്ള ദൂരപരിധിയിലും ഇളവ് വരുത്തി. 500 കോഴികളെ വളർത്തുന്ന കർഷകർക്കു വരെ നിലവില് മലിനീകരണ നിയന്ത്രണ ബോർഡ് ലൈസൻസ് ആവശ്യമായിരുന്നു. എന്നാല് 5000 ഇറച്ചിക്കോഴികളെ വരെ വളർത്തുന്ന ഫാമുകള്ക്ക് ലൈസൻസ്ആവശ്യമില്ലെന്ന ഭേദഗതി നൂറ് കണക്കിന് കർഷകർക്ക് നേട്ടമായി.
ഫാം ആരംഭിക്കുന്നതിന് കെട്ടിടം പണിത് മറ്റ് നടപടികളെല്ലാം പൂർത്തിയായ ശേഷവും മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ലഭിക്കുക വലിയ ബുദ്ധിമുട്ടായിരുന്നു. എന്നാല് ഉദ്യോഗസ്ഥരെ വേണ്ട രീതിയില് കാണുന്ന വൻകിട ഫാം ഉടമകള്ക്ക് നിബന്ധനകളില് ഇളവ് നല്കിയിരുന്നു. നിയന്ത്രണങ്ങളില് വരുത്തിയ ഭേദഗതി ഏറെ സഹായകമായത് ചെറുകിട കർഷകർക്കാണ്.






