കോട്ടയം: പ്രശസ്ത കാഥികനും അധ്യാപകനുമായിരുന്ന അഡ്വ.ജോർജ് ചാത്തമ്പടത്തിന്റെ പേരിലുള്ള മലയാള കലാ അക്കാദമിയുടെ ഈ വർഷത്തെ പുരസ്കാരത്തിന് പ്രശസ്ത കാഥികൻ സൂരജ് സത്യൻ( വടക്കൻ പറവൂർ ) അർഹനായി.
ഇരുപത്തയ്യായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് സെപ്റ്റംബർ 25 ന് വൈകിട്ട് 5 മണിക്ക് കോട്ടയം പബ്ലിക് ലൈബ്രറി
ചിത്രതാര മിനി തിയേറ്ററിൽ നടക്കുന്ന ചാത്തമ്പടം അനുസ്മരണ സമ്മേളനത്തിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മാനിക്കും.
അക്കാദമി ഡയറക്ടർ ഡോക്ടർ എൻ ജയരാജ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
ലൈബ്രറി പ്രസിഡന്റ് അഡ്വ. വി.ബി. ബിനു അധ്യക്ഷത വഹിക്കും.
കഥാപ്രസംഗകരായ മുതുകുളം സോമനാഥ്, വിനോദ് ചമ്പക്കര, അഞ്ചൽ ഗോപൻ, വി.ജി. മിനീഷ് കുമാർ,രാജീവ് നരിക്കൽ, കല്ലട വി.വി. ജോസ് എന്നിവർ ആശംസകൾ നേരും.
ഡോ. നടുവട്ടം സത്യശീലൻ, പഴയിടം മുരളി, ഡോ.രാജു വള്ളികുന്നം, ഡോ.കെ.വി.തോമസുകുട്ടി, അഞ്ചൽ ഗോപൻ എന്നിവരടങ്ങുന്ന അഞ്ചംഗ ജൂറി സമിതിയാണ് അവാർഡു ജേതാവിനെ തെരഞ്ഞെടുത്തത്.
ചടങ്ങിനോടനുബന്ധിച്ച് 3.30 ന് സൂരജ് സത്യന്റെ "സുന്ദരികളും സുന്ദരന്മാരും" എന്ന കഥാപ്രസംഗവുംനടക്കും.






