കോട്ടയം: ഓണം പടിവാതിൽക്കൽ എത്തി നിൽക്കെ കോട്ടയത്തെ
വിനോദസഞ്ചാരകേന്ദ്രങ്ങളിലെ റിസോർട്ടുകളിൽ ബുക്കിംഗ് 90 ശതമാനം പിന്നിട്ടു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓണാവധി ആഘോഷിക്കാൻ സഞ്ചാരികൾ കൂട്ടത്തോടെ എത്തുകയാണ്.
കുമരകം, വാഗമൺ തുടങ്ങിയ കേന്ദ്രങ്ങളിലെ ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ എന്നിവിടങ്ങളിൽ ബുക്കിംഗും കുതിച്ചുയർന്നു.
നിലവിൽ 90 ശതമാനത്തിലധികം മുറികളും ബുക്ക് ചെയ്തു കഴിഞ്ഞതായി ഏജന്റുമാർ പറയുന്നു.
അവശേഷിക്കുന്ന മുറികൾക്ക് ഉയർന്ന നിരക്ക് നൽകേണ്ട സ്ഥിതിയായി.
അന്യസംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെ സഞ്ചാരികൾ കുമരകത്തേക്കും വാഗമണ്ണിലേക്കും ഒഴുകുകയാണ്.
സഞ്ചാരികളുടെ വരവ് കണക്കിലെടുത്ത് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഹോംസ്റ്റേകൾ, റിസോർട്ടുകൾ തുടങ്ങിയ സ്ഥാപനങ്ങൾ ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
സഞ്ചാരികൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിനായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലും ക്രമീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അടിസ്ഥാനസൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കും.
ഇക്കാര്യത്തിൽ ബുക്കിംഗ് ഏജന്റുമാർക്ക് ഉൾപ്പെടെ കർശന നൽകിയിട്ടുണ്ട്. പൊലീസിന്റെ ഉൾപ്പെടെ നിരീക്ഷണവും ശക്തമാക്കും.
ഓണക്കാലത്തെ സഞ്ചാരികളുടെ വരവ് വ്യാപാരമേഖലയ്ക്കും പ്രതീക്ഷ നൽകുകയാണ്.
വസ്ത്രശാലകൾ മുതൽ ചെറുകിട വ്യാപാര സ്ഥാപനങ്ങൾ വരെ ഓണക്കാലതിരക്കിന്റെ ഗുണം പ്രതീക്ഷിക്കുന്നുണ്ട്.






