കുമരകം: രണ്ടു ദിവസത്തെ നിർത്താതെയുള്ള കനത്ത മഴയിൽ വേമ്പനാട്ടു കായൽ വെള്ളം ഉൾക്കൊള്ളാനാകാത്ത നിലയിലേക്ക് നീങ്ങുന്നു. കായലിന്റെ ജലം ഉൾക്കൊള്ളാനുള്ള ശേഷി 2617. 5 മില്യൻ ക്യുബിക് മീറ്ററിൽ നിന്ന് 387.87 മില്യൻ ക്യുബിക് മീറ്ററായി കുറഞ്ഞതായാണ് 2023ൽ പുറത്തുവന്ന കണക്ക്.
സാധാരണ എക്കലിനൊപ്പം ടൺകണക്കിനു മാലിന്യമാണ് വേമ്പനാട്ടു കായലിലേക്ക് ഒഴുകിയെത്തുന്നത്.
കഴിഞ്ഞ ദിവസം കിഴക്കൻ മേഖലയിലെ പാലങ്ങളിൽ തങ്ങിനിന്ന മാലിന്യം മാത്രം ടൺകണക്കിനുണ്ട്.
ഇതിന് ഇരട്ടിയാണ് താഴേക്ക് ഒഴുകിയത്. പുറമേ ആറിന്റെ താഴ്ഭാഗങ്ങളിൽനിന്നു കൂടുതൽ മാലിന്യം ഒഴുകിനീങ്ങുന്നു. ഒഴുകി എത്തുന്ന ടൺകണക്കിനു പ്ലാസ്റ്റിക് മാലിന്യം എക്കലിൽ പൂണ്ടും അല്ലാതെയും കിടക്കുകയാണ്.
പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം മത്സ്യസമ്പത്തിനും ഭീഷണിയാണ്. മത്സ്യക്കുഞ്ഞുങ്ങൾ തീറ്റ തേടി പോകുന്നതിനിടെ പ്ലാസ്റ്റിക് കൂടുകളിൽ അകപ്പെട്ടു ചാകുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിരുന്നു.
നദീമുഖങ്ങളിൽ വലിയ മൺതിട്ടകൾ രൂപപ്പെട്ടതും വേമ്പനാട്ടു കായലിലേക്കു വെള്ളം ഒഴുകി നീങ്ങാൻ താമസമുണ്ടാക്കുന്നു. എക്കലും ചെളിയും കായലിന്റെ പല സ്ഥലത്തും ചെറുതുരുത്തു പോലെ രൂപപ്പെട്ടിരിക്കുന്നു.
ഇങ്ങനെ രൂപപ്പെട്ട ഏറ്റവും വലിയ തുരുത്തുകളിലൊന്നാണ് പെണ്ണാർ തോട്(ചീപ്പുങ്കൽ തോട്) പതിക്കുന്ന ചീപ്പുങ്കൽ കായൽ ഭാഗം. കായലിന്റെ ശരാശരി ആഴം 2.5 മീറ്ററാണെങ്കിൽ പല സ്ഥലത്തും ഒരു മീറ്റർ പോലും ഇല്ലാത്ത സ്ഥലങ്ങളും ഉണ്ട്.
ഇവിടെ കായലിന്റെ അടിത്തട്ടിൽ ജല സസ്യങ്ങൾ വളർന്നു വെള്ളത്തിനു മീതെ വന്നു നിൽക്കുന്നു. വർഷങ്ങൾ കഴിയുമ്പോൾ ഈ ഭാഗവും തുരുത്തായി മാറും. മീനച്ചിലാറിന്റെയും കൈവഴികളുടെയും ആഴത്തെക്കാൾ കുറവാണ് പല സ്ഥലത്തും കായലിന്റെ ആഴം.
പ്രത്യേകിച്ച് മീനച്ചിലാറും കൈവഴികളും കായലിൽ പതിക്കുന്ന ഭാഗം. ആഴം കൂടിയ ഭാഗത്തുനിന്ന് കായലിന്റെ ആഴം കുറഞ്ഞ ഭാഗത്തേക്ക് വെള്ളം എത്തുമ്പോൾ ഒഴുകിമാറാൻ തടസ്സം നേരിടും. ആഴം കുറയുന്നതു കാരണം കായലിന് ഉൾക്കൊള്ളാവുന്ന വെള്ളത്തിന്റെ അളവു കുറയും.






