തുറവൂർ : മാക്കേക്കടവ്- നേരേകടവ് പാലം നിർമ്മാണത്തിന്റെ ഭാഗമായി നേരേകടവ് ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മാണം ആരംഭിച്ചു.
നേരേകടവിന്റെ തെക്കുഭാഗത്ത് തോടിനോട് ചേർന്നാണ് ഭിത്തി നിർമ്മാണം. ഇതിന്റെ ഭാഗമായി പാലത്തിന്റെ തെക്കുവശത്തേക്കുള്ള വാഹനഗതാഗതത്തിന് പൊതുമരാമത്ത് വകുപ്പ് താല്‍ക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ചങ്ങാട സർവീസിന് തടസ്സമുണ്ടാകില്ല.
നേരേകടവില്‍ ഇരുവശങ്ങളിലുമായി ആകെ 52 മീറ്റർ നീളത്തിലാണ് സംരക്ഷണഭിത്തി നിർമ്മിക്കുന്നത്. പാലത്തിന്റെ ആകെ നിർമ്മാണ പ്രവർത്തനങ്ങളില്‍ 88 ശതമാനം പൂർത്തിയായി. 800 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലും, ഇരുവശങ്ങളിലും നടപ്പാതകളോടുകൂടിയാണ് ആലപ്പുഴ-കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേക്കടവ്-നേരേകടവ് പാലം നിർമ്മിക്കുന്നത്.ഓണത്തിന് മുമ്പായി പാലം ജനങ്ങള്‍ക്ക് സമർപ്പിക്കുകയാണ് ലക്ഷ്യമെന്ന് നിർമാണ പുരോഗതി വിലയിരുത്താൻ അടുത്തിടെ സ്ഥലം സന്ദർശിച്ച ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോള്‍ ഉസ്മാൻ വ്യക്തമാക്കിയിരുന്നു.






