കൊല്ലം: കൊല്ലം - തേനി ദേശീയപാത 183 വികസന പദ്ധതി നിർണായക ഘട്ടത്തിലേക്ക്.
കൊല്ലം ബൈപ്പാസ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെയുള്ള ആദ്യഭാഗത്തിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് ഇന്ന് തുടക്കമാകും.
കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് സംയുക്ത സ്ഥലപരിശോധന നടക്കുകയെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. ഇരുജില്ലകളിം ജില്ലകള്‍ സംഗമിക്കുന്ന വയ്യാങ്കരയില്‍ നിന്നാണ് പരിശോധന ആരംഭിച്ചത്.
മന്ത്രി പി.കെ. ബഷീറിന്റെ നിർദ്ദേശപ്രകാരം നവംബർ 18ന് പൊതുമരാമത്ത് വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് പ്രത്യേക ഉന്നതതല യോഗം നടന്നിരുന്നു. ഇരു ജില്ലകളിലെയും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഒരേസമയം മുന്നോട്ടുകൊണ്ടുപോകണമെന്ന തീരുമാനമാണ് യോഗത്തില്‍ കൈക്കൊണ്ടത്.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട 3A വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായുള്ള പരിശോധനയില്‍ ഭൂമി ഏറ്റെടുക്കല്‍ വിഭാഗം, ദേശീയപാത വിഭാഗം, കണ്‍സള്‍ട്ടൻസി എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുക്കും. കെഎസ്ഇബി, കേരള വാട്ടർ അതോറിറ്റി, സോഷ്യല്‍ ഫോറസ്ട്രി തുടങ്ങിയ വകുപ്പുകളും പുതിയ അലൈൻമെന്റുമായി ബന്ധപ്പെട്ട പരിശോധനകള്‍ നടത്തും.
ഡിസംബർ 20നകം സ്ഥലപരിശോധനയും വിവരങ്ങളുടെ സ്ഥിരീകരണവും പൂർത്തിയാക്കി ഡിസംബർ 31നു മുമ്പായി പുതുക്കിയ 3A വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് ലക്ഷ്യം. തുടർന്ന് ജനുവരിയില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും എംപി വിശദീകരിച്ചു.






