കോട്ടയം: വാഹനാപകടത്തില്‍ മരിച്ച സിനിമ-ടിവി താരം കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം.
കോട്ടയം എംഎസിടി(മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രിബ്യൂണല്‍) കോടതിയാണ് സുധിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നല്കാൻ ഉത്തരവിട്ടത്.
ഇൻഷുറൻസ് കമ്പനിയാണ് സുധിയുടെ ആശ്രിതർക്ക് തുക നല്‍കേണ്ടത്. സുധിയുടെ ഭാര്യ, രണ്ടുമക്കള്‍, അമ്മ എന്നിവരാണ് അവകാശികള്‍.
1.41 കോടി രൂപയാണ് നഷ്ടപരിഹാരമായി കോടതി കണക്കാക്കിയത്. കോടതിച്ചെലവുകളടക്കം ചേർത്താണ് ആകെ 1.77 കോടി രൂപ ആശ്രിതർക്ക് നല്കാൻ ഉത്തരവിട്ടത്.
2023 ജൂണില്‍ തൃശ്ശൂർ കയ്പമംഗലത്ത് ദേശീയപാതയിലുണ്ടായ അപകടത്തിലാണ് നടൻ കൊല്ലം സുധി മരിച്ചത്. സുധി സഞ്ചരിച്ചിരുന്ന കാർ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.






