കൊല്ലം: വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
ഡിവൈഎസ്പി സ്ക്വാഡിലെ പോലീസുകാർക്കുനേരെയാണ് യുവതികളടക്കമുള്ള നാലംഗ സംഘത്തിൻ്റെ ആക്രമണമുണ്ടായത്. അക്രമണത്തിൽ എസ്ഐ ജിനുവിന് സാരമായി പരിക്കേറ്റു.
സംഭവവുമായി ബന്ധപ്പെട്ട് ജെറിൻ, രേഷ്മ, രമ്യ, ഹർഷ എന്നിവരെ അറസ്റ്റ് ചെയ്തു. വധശ്രമക്കേസിലെ പ്രതി ജെറിൻ കരുനാഗപ്പിള്ളിയിലുണ്ടെന്ന വിവരത്തെത്തുടർന്നാണ് സിവൈഎസ്പി സ്ക്വാഡിലെ പോലീസ് സംഘം സ്ഥലത്തെത്തിയത്. വീട്ടിൽ ഈ സമയം ജെറിനും മൂന്ന് സ്ത്രീകളുമായിരുന്നു ഉണ്ടായിരുന്നത്. ഇവരോട് തങ്ങൾ പോലീസാണെന്ന് പറഞ്ഞെങ്കിലും പോലീസുകാരെ സംഘം ആക്രമിക്കുകയായിരുന്നു.
പോലീസുകാരെ ചുടുകട്ട കൊണ്ട് തലയ്ക്കടിക്കുകയും, സ്ത്രീകൾ ചേർന്ന് എസ്ഐ അടക്കമുള്ളവരെ ഇടിക്കുകയും കടിക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ പോലീസുകാരെത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൃത്യനിർവഹണം തടസപ്പെടുത്തിയതടക്കമുള്ള കുറ്റങ്ങൾ ഇവർക്കുനേരെ ചുമത്തിയിട്ടുണ്ട്.






