കൊല്ലം : ലൈംഗികബന്ധം നിര്‍ബന്ധിച്ച് ക്യാമറയിലും ഫോണിലും പകര്‍ത്തി അശ്ലീല സൈറ്റുകളിൽ വിറ്റ് ഭർത്താവ്. പണം വാങ്ങിയാണ് ഭർത്താവ് ദൃശ്യങ്ങൾ വിറ്റതെന്നാണ് വിവരം. പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയുമായുള്ള കിടപ്പറ ദൃശ്യങ്ങളാണ് ഇയാൾ വിഡിയോയില്‍ ചിത്രീകരിച്ച് അശ്ലീല സൈറ്റുകളില്‍ വിറ്റത്. സംഭവത്തിൽ യുവതി പോലീസിൽ പരാതി നൽകി.
ഒന്നിച്ചുള്ള സ്വകാര്യ നിമിഷങ്ങള്‍ തനിക്ക് കാണാനാണെന്ന് പറഞ്ഞ് ക്യാമറയിലും മൊബൈല്‍ ഫോണിലും ഭര്‍ത്താവ് പകര്‍ത്തിയെന്നാണ് യുവതിയുടെ പരാതി. ഇത് എതിര്‍ത്തപ്പോള്‍ മര്‍ദിച്ചുവെന്നും പരാതിയില്‍ പറയുന്നു. കൊല്ലം സ്വദേശിയായ യുവതി ഭര്‍ത്താവുമൊത്ത് യുകെയില്‍ കഴിയുകയായിരുന്നു. ഇതിനിടയിലാണ് സംഭവങ്ങളുണ്ടായത്.
തീര്‍ത്തും സ്വകാര്യമെന്ന് കരുതിയ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ വന്ന വിവരം സുഹൃത്തുക്കളാണ് യുവതിയെ അറിയിച്ചത്. ഇക്കാര്യം ചോദിച്ചപ്പോള്‍ തന്റെ അറിവോടെയല്ല ഒന്നും സംഭവിച്ചതെന്നും തനിക്കറിയില്ലെന്നുമായിരുന്നു ആദ്യ മറുപടി. പിന്നീട് പറ്റിപ്പോയെന്ന കുറ്റസമ്മതവും ഭര്‍ത്താവ് നടത്തി. നടുങ്ങിപ്പോയ യുവതി നാട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പങ്കാളികളെ പങ്കുവയ്ക്കുന്ന ചില ഗ്രൂപ്പുകളില്‍ ഭര്‍ത്താവ് അംഗമായിരുന്നുവെന്നും യുവതി കണ്ടെത്തി. ഈ ഗ്രൂപ്പില്‍ നിന്നും ഭാര്യയുടെ നഗ്നദൃശ്യങ്ങള്‍ പങ്കുവയ്ക്കണമെന്ന് ആവശ്യമുണ്ടായതായും യുവതി പറയുന്നു.
അമിതമായ ലൈംഗികാസക്തിയും വൈകൃതവും കൗണ്‍സിലിങിലൂടെ പരിഹരിക്കാമെന്ന് കരുതിയ യുവതി ഭര്‍ത്താവിനെ തെറപ്പിസ്റ്റിനടുത്ത് കൊണ്ടുപോകാന്‍ ശ്രമിച്ചു. രണ്ട് ദിവസം കൗണ്‍സിലിങുമായി സഹകരിച്ച യുവാവ് പിന്നീട് അതിക്രൂരമായ ശാരീരിക–മാനസികാതിക്രമം നടത്തുകയായിരുന്നു. ഇതോടെ യുവതി സ്വന്തം വീട്ടിലേക്ക് എത്തി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. കൊല്ലത്തെ ആശുപത്രിയിലും ചികില്‍സ തേടി. സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. യുവതി പരാതി നല്‍കിയെന്നറിഞ്ഞതിന് പിന്നാലെ ഭര്‍ത്താവ് ഒളിവില്‍ പോയി.






