കൊല്ലം: അഞ്ചലിൽ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം. ഇടമുളയ്ക്കൽ സ്വദേശിനി ലിസിയെയാണ് ഒപ്പം താമസിച്ചിരുന്ന ആൺസുഹൃത്ത് തിന്നർ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത്. സംഭവത്തിൽ കല്ലമ്പലം സ്വദേശി റെജിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ലിസിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ റെജിയും ഒപ്പമുണ്ടായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്തുവെച്ചാണ് ഇയാളെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തത്.
ഏറെക്കാലമായി ഇരുവരും ഒന്നിച്ചാണ് താമസിച്ചിരുന്നത്. ലിസി ഹോം നഴ്സിങ് ജോലിക്ക് പോകുന്നുണ്ട്. എന്നാൽ ഇത് റെജിക്ക് ഇഷ്ടമായിരുന്നില്ല. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് റെജി, പെയിന്റിങ്ങിന് ഉപയോഗിക്കുന്ന തിന്നർ ലിസിയുടെ ദേഹത്തൊഴിക്കുകയും ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തുകയുമായിരുന്നു.
ലിസി പോലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ലിസിയുടെ മുഖത്തും കഴുത്തിന്റെ ഭാഗങ്ങളിലും നെഞ്ചിലുമാണ് പൊള്ളലേറ്റത്.






