ഹൈദരാബാദ്: തെലങ്കാനയിലെ ഭദ്രാദ്രി കൊത്തഗൂഡം ജില്ലയിലെ ജുലരുപാഡു മണ്ഡലത്തില്‍ 18 കാരിയുടെ കൊലപാതകത്തിന്റെ ചുരുളഴിക്കാൻ പൊലീസ്.
നഴ്സിങ് വിദ്യാർത്ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഖമ്മം മേഖലയിലെ ഒരു സ്വകാര്യ കോളേജിലെ ഒന്നാം വർഷ നഴ്സിങ് വിദ്യാർത്ഥിനിയായ ഹരിണിയാണ് മരിച്ചത്. അവധിക്കാണ് പെണ്‍കുട്ടി സ്വന്തം നാട്ടിലെത്തിയത്. യുവതിയുടേത് കൊലപാതകമാണെന്നാണ് പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് പിന്നാലെ തെളിഞ്ഞത്.
അമ്മ രാജേശ്വരി ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ഹരിണിയെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീടിന്റെ പുറകുവശത്തെ കുളിമുറിക്കരികില് മൃതദേഹം കണ്ടെത്തിയത്. ഭർത്താവിന്റെ മരണശേഷം ദിവസക്കൂലിപ്പണി ചെയ്താണ് അമ്മ രണ്ട് പെണ്മക്കളെയും പഠിപ്പിച്ചുപോന്നിരുന്നത്. സംഭവത്തില്‍ അയല്പക്കത്തുള്ള ഒരാളെ ഹരിണിയുടെ അമ്മയ്ക്ക് സംശയമുണ്ട്.
പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് ശേഷമാണ് കേസില്‍ നിർണായക വഴിതിരിവുണ്ടായത്. കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇതോടെ കേസ് കൊലപാതക കുറ്റത്തിലേക്ക് മാറ്റിയതായി കോത്തഗൂഡം പൊലീസ് അറിയിച്ചു. ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) സെക്ഷൻ 103(1) പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
പീഡനം നടന്നിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനായി വിശദമായ ഫോറൻസിക്, മെഡിക്കല്‍ റിപ്പോർട്ടുകള്‍ക്കായി കാത്തിരിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ചോദ്യം ചെയ്തുവരികയാണ്. സംഭവദിവസം ഹരിണിയുടെയും മറ്റ് സംശയിക്കപ്പെടുന്നവരുടെയും നീക്കങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.






