തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കിയ ശ്രീകാര്യം പാങ്ങപ്പാറയിലെ പതിനേഴുകാരൻ അഭിരാമിന്റെ അരുംകൊലയ്ക്ക് പിന്നിലെ യഥാർത്ഥ കാരണത്തിൽ സിനിമയെ വെല്ലുന്ന നാടകീയ വഴിത്തിരിവ്.
കേസിൽ റിമാൻഡിലായ മൂന്നാം പ്രതിയായ പതിനെട്ടുകാരി ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെ ചൊല്ലിയുള്ള കടുത്ത പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന നിർണ്ണായക സൂചനകളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ഇതോടെ കേസിന്റെ യഥാർത്ഥ പ്രേരണയെക്കുറിച്ച് പോലീസ് കൂടുതൽ ആഴത്തിലുള്ള അന്വേഷണത്തിലേക്ക് കടന്നു.
പ്രതിയായ പതിനേഴുകാരന്റെ മുൻ കാമുകി, അഭിരാമിന്റെ സുഹൃത്തുമായി പ്രണയത്തിലായതും ഇരുവരും ചേർന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി അയച്ചുകൊടുത്തതുമാണ് വൈരാഗ്യത്തിന് കാരണമെന്നായിരുന്നു പ്രതികൾ പോലീസിനോട് ആദ്യം നൽകിയ മൊഴി. ഈ ദേഷ്യത്തിൽ അഭിരാമിന്റെ സുഹൃത്തിനെ വിളിച്ചുവരുത്തി ആക്രമിക്കാൻ പദ്ധതിയിടുകയും, സുഹൃത്ത് എത്താത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അഭിരാമിനെ കഴുത്തു മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നുമായിരുന്നു പോലീസിന്റെ ആദ്യ കണ്ടെത്തൽ.
എന്നാൽ ഈ കഥയെ അപ്പാടെ മാറ്റിമറിക്കുന്ന പുതിയ വിവരങ്ങളാണ് ഇപ്പോൾ പോലീസിന് ലഭിക്കുന്നത്. അഭിരാമിന്റെ സുഹൃത്തായിരുന്നു അക്രമികളുടെ പ്രധാന ലക്ഷ്യമെന്നതിൽ സംശയമില്ലെങ്കിലും, അതിലേക്ക് നയിച്ച പ്രകോപനം കേവലം പ്രണയപ്പക മാത്രമല്ലെന്നാണ് വിവരം. കേസിലെ മൂന്നാം പ്രതിയായ ആനന്ദയുടെ ചില സ്വകാര്യ ദൃശ്യങ്ങൾ കൗമാരക്കാർക്കിടയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് അഭിരാമിന്റെ സുഹൃത്താണെന്ന് ആനന്ദയും ഒന്നാം പ്രതിയായ പതിനേഴുകാരനും ഉറച്ചുവിശ്വസിച്ചു. ഈ പക തീർക്കാൻ അഭിരാമിന്റെ സുഹൃത്തിനെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു ലക്ഷ്യം.
ആ സുഹൃത്തിനെ കുടുക്കാനുള്ള കെണിയായാണ് ആനന്ദയാണെന്ന വ്യാജേന ഇൻസ്റ്റാഗ്രാമിലൂടെ അഭിരാമുമായി ചാറ്റ് ചെയ്തത്. അപകടം മണത്തറിഞ്ഞതുകൊണ്ടാണ് അന്ന് അഭിരാം പലതവണ ഫോൺ വിളിച്ചിട്ടും ആ സുഹൃത്ത് പാങ്ങപ്പാറയിലെ സംഭവസ്ഥലത്തേക്ക് വരാതിരുന്നതെന്നും പോലീസ് കരുതുന്നു. ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന ആരോപണത്തിന്മേൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനായി ജയിലിലുള്ള പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.






