ന്യൂഡല്‍ഹി : ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് വീണ്ടും തിരിച്ചടി. തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും ബംഗാളി ചലച്ചിത്ര താരവുമായ കോയല്‍ മല്ലിക് രാജ്യസഭാംഗത്വം രാജിവെച്ചു. രാജ്യസഭാ ചെയര്മാന് സിപി രാധാകൃഷ്ണന് രാജിക്കത്ത് സമര്‍പ്പിച്ചു. ഈ വര്‍ഷം ഏപ്രിലിലാണ് കോയല്‍ എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെയാണ് രാജി എന്നതാണ് ശ്രദ്ധേയം.
പാര്‍ട്ടി പരിപാടികളിലടക്കം സജീവമായിരുന്നു കോയല്‍ മല്ലിക്. രാജ്യസഭാംഗത്വം രാജിവെക്കുന്നുവെന്നും എത്രയും വേഗം രാജി അംഗീകരിക്കണമെന്നുമാണ് അവര്‍ കത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ രാജിക്ക് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല. നേരത്തെ തൃണമൂൽ കോൺഗ്രസിൻ്റെ മൂന്ന് രാജ്യസഭാ എംപിമാര്‍ രാജിവെച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ എംപിമാരുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട മൂന്ന് മുന്‍ എംപിമാരായ സുഷ്മിത ദേവ്, സുഖേന്ദു ശേഖര്‍ റോയ്, പ്രകാശ് ചിക് ബറൈയ്ക്ക് എന്നിവർ ബിജെപിയിൽ ചേർന്നിരുന്നു.






