ചങ്ങനാശേരി: ഏറ്റുമാനൂര്‍ - പെരുന്തുരുത്തി ബൈപാസില്‍ നാലുകോടി ലവല്‍ ക്രോസിലെ നിര്‍ദിഷ്ട റെയില്‍വേ മേല്‍പാലം നിര്‍മാണത്തിനുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായതായി കൊടിക്കുന്നില്‍ സുരേഷ് എംപി.
പദ്ധതിക്കായി ഏറ്റെടുക്കുന്ന സ്ഥലങ്ങളിലെ ഭൂവുടമകള്‍ക്കും കെട്ടിട ഉടമകള്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം പൂര്‍ണമായി വിതരണം ചെയ്തശേഷമായിരിക്കും കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്ന നടപടികളിലേക്കു കടക്കുക.
പദ്ധതിയുടെ നിര്‍വഹണ ചുമതല സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ റോഡ്സ് ആന്‍ഡ് ബ്രിജസ് ഡവലപ്മെന്റ് കോര്പറേഷന് ഓഫ് കേരളയ്ക്കാണ് (ആര്‍ബിഡിസികെ).
പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനും തുടര്‍നടപടികള്‍ സമയബന്ധിതമായി ഏകോപിപ്പിക്കുന്നതിനുമായി വിനു ജോബ് എം.എല്‍.എ, ദക്ഷിണ റെയില്‍വേ, ആര്‍ബിഡിസികെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുന്ന സംയുക്ത അവലോകന യോഗം ഉടനെ വിളിച്ചുചേര്‍ക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി. അറിയിച്ചു.
പദ്ധതിയുടെ കല്ലിടല്‍ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി നിര്‍വഹിച്ചിരുന്നു.
ഗതാഗതക്കുരുക്കിനു പരിഹാരം എംസി റോഡിലൂടെ തിരുവനന്തപുരം ഭാഗത്ത് നിന്നു എറണാകുളം ഭാഗത്തേക്ക് സഞ്ചരിക്കുന്ന കൂടുതല്‍ 3 വാഹനങ്ങളും ഏറ്റുമാനൂര്‍-പെരുന്തുരുത്തി ബൈപാസിലൂടെയാണ് പോകുന്നത്. നാലുകോടിയിലെ റെയില്‍വേ ക്രോസ് അടയ്ക്കുന്നതാണ് തടസ മാകുന്നത്. ഇവിടെ ഗതാഗതക്കുരുക്കും പതിവാണ്.
മേല്‍പാലം എത്തുന്നതോടെ പ്രശ്നത്തിനു പരിഹാരമാകും. മേല്‍പാലം നിര്‍മാണത്തിന്റെ ഭാഗമായി റോഡിന്റെ വികസനവും യാഥാര്‍ഥ്യമാക്കണം. പെരുന്തുരുത്തി മുതല്‍ റെയില്‍വേ വരെയുള്ള ഭാഗവും കല്ലുകടവു പാലവും വീതി കുട്ടി നിര്‍മിക്കുമെന്നും എംപി പറഞ്ഞു.






