പുതുപ്പള്ളി: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൂന്നാം ചരമവാര്‍ഷികം ഇന്നു പുതുപ്പള്ളിയില്‍ സ്മൃതി ദിനമായി ആചരിക്കും. രാവിലെ 6.30നു പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ പ്രഭാത നമസ്കാരവും തുടര്‍ന്ന് രാവിലെ ഏഴിനു വിശുദ്ധ കുര്‍ബാനയും നടക്കും.
ഒമ്പതിനു പുതുപ്പള്ളി കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെയും ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ പുതുപ്പള്ളി പള്ളി അങ്കണത്തില്‍ സ്മൃതി സമ്മേളനവും പൊതുസമ്മേളനവും നടക്കും.
എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും. ചാണ്ടി ഉമ്മന്‍ എംഎല്‍എ അധ്യക്ഷതവഹിക്കും.
നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മന്ത്രി മോന്‍സ് ജോസഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
കുര്‍ബാനയ്ക്കുശേഷം ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ ധൂപപ്രാര്‍ഥനയും അനുസ്മരണ ചടങ്ങും നടക്കും. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും.
ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന് സ്മൃതി ദിനാചരണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ ജനക്ഷേമ പദ്ധതികളുടെ വിതരണവും നടക്കും.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന അഞ്ച് കുടുംബങ്ങള്‍ക്ക് നാല് സെന്റ് വീതം ഭൂമി അനുവദിക്കുന്നതിനുള്ള രേഖകള്‍ കൈമാറും.
വിദ്യാഭ്യാസ രംഗത്ത് മികവ് പുലര്‍ത്തുകയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുകയും ചെയ്യുന്ന 1,200 വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യും.
പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ അനാഥാലയങ്ങളില്‍ ഭക്ഷണ വിതരണവും സംഘടിപ്പിക്കും.
യുവതലമുറയെ ലഹരിയുടെ പിടിയില്‍ നിന്ന് സംരക്ഷിക്കണമെന്ന ശക്തമായ സാമൂഹിക സന്ദേശത്തിന്റെ ഭാഗമായി പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ 114 സ്കൂളുകള്‍ക്ക് സൈക്കിളുകള്‍, ക്രിക്കറ്റ് കിറ്റുകള്‍, ഫുട്ബോളുകള്‍ എന്നിവ വിതരണം ചെയ്യും.
സ്പോര്‍ട്സിലൂടെ ലഹരിയില്‍നിന്ന് മോചനം എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ഉമ്മന്‍ ചാണ്ടിയുടെ മൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് 17, 18, 19 തീയതികളിലായി അഖില കേരള ക്രിക്കറ്റ് ടൂര്‍ണമെന്റും സംഘടിപ്പിക്കുന്നുണ്ട്.
കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സച്ചിന് ബേബി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 34 ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. വിജയികൾക്ക് ഒന്നാം സമ്മാനമായി 1,00,000 രൂപയും രണ്ടാം സമ്മാനമായി 50,000 രൂപയും നല്‍കും.






