കൊച്ചി: ജവഹർലാല്‍ നെഹ്റു ഇന്റർനാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് നടക്കുന്ന ബ്രസീല്‍ ലെജൻഡ്സും ഇന്ത്യ ലെജൻഡ്സും തമ്മിലുള്ള ഫുട്ബോള്‍ മത്സരത്തോടനുബന്ധിച്ച് കൊച്ചി സിറ്റി ട്രാഫിക് പോലീസ് ഗതാഗത ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി.
വിവിധ ഭാഗങ്ങളില്‍ നിന്ന് മത്സരത്തിനെത്തുന്ന കാണികള്‍ക്കുള്ള വാഹനം പാർക്കിംഗ് നിർദേശങ്ങളും റൂട്ട് മാറ്റങ്ങളും പൊലീസ് പരസ്യപ്പെടുത്തി.
പശ്ചിമകൊച്ചി, വൈപ്പിൻ ഭാഗങ്ങളില്‍ നിന്നുള്ളവർ ചാത്യാത്ത് റോഡില്‍ ഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയില്‍ വാഹനങ്ങള്‍ പാർക്ക് ചെയ്യണം. തുടർന്ന് മെട്രോ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ച് സ്റ്റേഡിയത്തിലേക്ക് പോകണം. പറവൂർ, തൃശ്ശൂർ, മലപ്പുറം മേഖലകളില്‍ നിന്നുള്ളവർ ആലുവ ഭാഗത്തോ കണ്ടെയ്നർ റോഡരികിലോ അപായരഹിതമായി വാഹനങ്ങള്‍ പാർക്ക് ചെയ്ത ശേഷം മെട്രോയോ മറ്റ് പൊതുഗതാഗത സൗകര്യങ്ങളോ ഉപയോഗിച്ച് സ്റ്റേഡിയത്തിലെത്തണം. ഇടുക്കി, കോട്ടയം, പെരുമ്പാവൂർ ഭാഗങ്ങളില്‍ നിന്നുള്ളവർ തൃപ്പൂണിത്തുറ, കാക്കനാട് ഭാഗങ്ങളില്‍ വാഹനങ്ങള്‍ പാർക്ക് ചെയ്ത് മെട്രോ അടക്കമുള്ള പൊതുഗതാഗത മാർഗ്ഗങ്ങള്‍ ഉപയോഗിക്കണം. ആലപ്പുഴ ഉള്‍പ്പെടെയുള്ള തെക്കൻ മേഖലകളില്‍ നിന്നുള്ളവർ: കുണ്ടന്നൂർ, വൈറ്റില ഭാഗങ്ങളില്‍ വാഹനങ്ങള്‍ പാർക്ക് ചെയ്ത ശേഷം പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ച് സ്റ്റേഡിയത്തിലേക്ക് വരേണ്ടതാണ്.
കാണികളുമായി എത്തുന്ന ഹെവി വാഹനങ്ങള്‍ക്ക് നഗരത്തിനുള്ളിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വൈകിട്ട് 3:00 മണിക്ക് ശേഷം എറണാകുളത്തു നിന്ന് ഇടപ്പള്ളി, ചേരാനല്ലൂർ, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകുന്നവർ കലൂർ ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പൊറ്റക്കുഴി-മാമംഗലം റോഡ്, ബി.ടി.എസ് റോഡ്, എളമക്കര റോഡ് എന്നിവ വഴി ഇടപ്പള്ളിയിലെത്തി യാത്ര തുടരണമെന്ന് പൊലീസ് നിർദേശിക്കുന്നു. ഇടപ്പള്ളി, ചേരാനല്ലൂർ, ആലുവ, കാക്കനാട്, പാലാരിവട്ടം ഭാഗത്തുനിന്ന് എറണാകുളത്തേക്ക് പോകുന്നവർ വൈറ്റില ജംഗ്ഷൻ, എസ്.എ റോഡ് വഴി യാത്ര ചെയ്യാനുമാണ് നിർദേശം.






