മൂന്നാർ: കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. മൂന്നാർ കല്ലാർ അറുപതാംമൈലിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. നിർമ്മാണത്തിലിരുന്ന റോഡിന്റെ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞത്. നിലവിൽ ഗതാഗത തടസ്സമില്ല.
റോഡ് വീതികൂട്ടൽ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന നിർമാണത്തിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. അടിമാലി–മൂന്നാർ മേഖലയിൽ ഇന്നലെ ശക്തമായ മഴയും രേഖപ്പെടുത്തിയിരുന്നു.
മഴ പൂർണമായും മാറാത്ത സാഹചര്യത്തിൽ വീണ്ടും ശക്തമായ മഴയുണ്ടായാൽ മേഖലയിൽ കൂടുതൽ മണ്ണിടിച്ചിലിനും ഗതാഗതം തടസ്സപ്പെടുന്നതിനും സാധ്യതയുണ്ട്. സ്ഥിതിഗതികൾ അധികൃതർ നിരീക്ഷിച്ചുവരികയാണ്.






