കൊച്ചി: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളില്‍ ആവശ്യത്തിനുള്ള മരുന്നില്ലെന്ന പരാതികള്‍ സജീവമായതോടെ വിഷയത്തില്‍ ഇടപെട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ.
സർക്കാർ ആശുപത്രികളിലെ മരുന്ന് ലഭ്യത സംബന്ധിച്ച് കൃത്യവും യഥാർത്ഥവുമായ കണക്കുകള്‍ അടങ്ങിയ റിപ്പോർട്ട് നല്കാൻ ആരോഗ്യമന്ത്രി നിർദ്ദേശം നല്കി. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും മരുന്ന് ലഭ്യത നിരീക്ഷിക്കുന്നതിനായി പ്രത്യേക സമിതികള്‍ രൂപീകരിക്കാൻ പ്രിൻസിപ്പല്‍ സെക്രട്ടറിക്ക് മന്ത്രി നിർദ്ദേശം നല്‍കിയിട്ടുണ്ട്.
അഡീഷണല്‍ ഡി എം ഒയോ ഡെപ്യൂട്ടി ഡി എം ഒയോ ആയിരിക്കും ഈ ജില്ലാതല സമിതിയുടെ കണ്‍വീനറായി പ്രവർത്തിക്കുക. രേഖകളില്‍ മാത്രം മരുന്ന് സ്റ്റോക്ക് ഉണ്ടെന്ന് കാണിക്കുന്നതിനപ്പുറം രോഗികള്‍ക്ക് അത് കൃത്യമായി ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയാണ് പ്രധാനമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇതിനായി ജില്ലാതല സമിതികള്‍ എല്ലാ ആഴ്ചയും ഫാർമസികളിലും സ്റ്റോറുകളിലും നേരിട്ട് പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കണം.
ഔദ്യോഗിക രേഖകളിലുള്ള കണക്കുകളും ഫീല്‍ഡിലെ യഥാർത്ഥ ലഭ്യതയും തമ്മില്‍ ഒത്തുപോകുന്നുണ്ടോ എന്ന് നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്താനാണ് സമിതിക്ക് നല്‍കിയിരിക്കുന്ന നിർദ്ദേശം.






