തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ അമിത ജോലിഭാരം കുറയ്ക്കുന്നതിനായി 1960-കളിലെ പഴയ സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്. ധനകാര്യ വകുപ്പിന്റെ സഹകരണത്തോടെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കുമെന്നും പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ പുതിയ നിയമനങ്ങള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുതിയ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കിന്റെ തറക്കല്ലിടല്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിലുള്ള ഒഴിവുകള്‍ അടിയന്തരമായി നികത്തുന്നതിനൊപ്പമാണ് പുതിയ തസ്തികകളും സൃഷ്ടിക്കുന്നത്. ജില്ലാ, ജനറല്‍ ആശുപത്രികളില്‍ 24 മണിക്കൂര്‍ സ്പെഷ്യാലിറ്റി സേവനം ഏര്‍പ്പെടുത്തിയപ്പോള്‍ ഡോക്ടര്‍മാരുടെ സംഘടനകള്‍ ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നതായും അവരുമായി സംസാരിച്ച് പരിഹാരങ്ങള്‍ തുടങ്ങിയതായും മന്ത്രി അറിയിച്ചു.
സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകള്‍ പൂര്‍ണമായും ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ആശുപത്രികളുടെ സേവനങ്ങളെ തരംതാഴ്ത്തിക്കാട്ടാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കണമെന്നും മന്ത്രി വ്യക്തമാക്കി. എക്കാലത്തും സാധാരണക്കാരുടെ പ്രധാന ആശ്രയം സര്‍ക്കാര്‍ ആശുപത്രികളാണെന്നും മികച്ച സൗകര്യങ്ങള്‍ ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രികളില്‍ മരുന്ന് ലഭ്യത ഉറപ്പാക്കാന്‍ അടിയന്തര നടപടികളാണ് സ്വീകരിക്കുന്നത്. അത്യാവശ്യമായ 855 മരുന്നുകളില്‍ 664 എണ്ണത്തിനും പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. ഇതില്‍ 530ലധികം മരുന്നുകള്‍ നിലവില്‍ ലഭ്യമാണ്. ബാക്കിയുള്ളവയ്ക്കായി വീണ്ടും ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. ആസ്പിരിന്‍, ഡോക്സിസൈക്ലിന്‍ എന്നിവ ഈ മാസം അവസാനത്തോടെയും, ബാക്കി മുഴുവന്‍ മരുന്നുകളും ഒക്ടോബര്‍ ആദ്യവാരത്തോടെയും പൂര്‍ണതോതില്‍ ആശുപത്രികളില്‍ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് വഴി നിര്‍മിക്കുന്ന പുതിയ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കിന്റെ പ്രവൃത്തികള്‍ 18 മാസത്തിനകം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് അടിയന്തര വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്നതിനായി 36,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ മൂന്ന് നിലകളായാണ് പുതിയ ബ്ലോക്ക് നിര്‍മിക്കുന്നത്. ഭാവിയില്‍ രണ്ട് നിലകള്‍ കൂടി നിര്മിക്കാവുന്ന രീതിയിലാണ് ഇതിന്റെ രൂപകല്പന.
കാഷ്വാല്‍റ്റി, മെറ്റേണിറ്റി വാര്‍ഡ്, ലേബര്‍-ഡെലിവറി റിക്കവറി യൂണിറ്റുകള്‍, എക്സ്റേ, അള്‍ട്രാ സൗണ്ട് സ്കാനിംഗ്, മൈനര്‍ ഓപ്പറേഷന് തിയേറ്റര്‍ എന്നിവയാണ് ഗ്രൗണ്ട് ഫ്ളോറില്‍ ഉള്‍പ്പെടുന്നത്. ഒന്നാം നിലയില്‍ ഡയാലിസിസ് യൂണിറ്റ്, ഐസൊലേഷന്‍ മുറികള്‍, വിവിധ വാര്‍ഡുകളും രണ്ടാം നിലയില്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്, ഹൈ ഡിപ്പന്‍ഡന്‍സി യൂണിറ്റ്, ഓപറേഷന് തിയേറ്റര്‍ കോപ്ലക്സ് എന്നിവ ഉള്‍പ്പെടെ ഗുരുതര പരിചരണത്തിനും ശസ്ത്രക്രിയ സേവനങ്ങള്‍ക്കുമുള്ള സൗകര്യങ്ങളുമാണ് ഒരുക്കുന്നത്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് അനുബന്ധ സേവനങ്ങള്‍ക്കുമായി എച്ച്.എല്‍.എല്ലിന് 20.97 കോടി രൂപയും മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍ സിസ്റ്റം, മോഡുലാര്‍ ഓപറേഷന് തിയേറ്റര്‍ ഫര്‍ണിഷിങ്,ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ സ്ഥാപിക്കല്‍ എന്നിവയ്ക്കായി കേരള മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് ലിമിറ്റഡിന് 2.78 കോടി രൂപയുടെയും ഭരണാനുമതി നല്‍കിയിട്ടുണ്ട്.
മെഡിക്കല്‍ കോളേജ് പഴയ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.കെ.വി വിശ്വനാഥന്, ആരോഗ്യ കേരളം മിഷന് ഡയറക്ടര്‍ ഡോ. രേണുരാജ്, ഡി.പി.എം ഡോ. അര്‍നോള്‍ഡ് ദീപക്, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. സി.ജി ജയചന്ദ്രന്, പ്രിന്‍സിപ്പാള്‍ ഡോ. രഞ്ജു രവീന്ദ്രന് തുടങ്ങിയവരും പങ്കെടുത്തു.






