പത്തനംതിട്ട: ശബരിമല 18-ാം പടിയില്‍ ഒരു മിനിറ്റില്‍ 75 ഭക്തരെ കയറ്റണമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ. അല്ലെങ്കില്‍ വരി ഏറ്റുമാനൂർ വരെ നീളും.
ഈ സീസണ് കഴിഞ്ഞാല്‍ ഫെബ്രുവരി മുതല്‍ അടുത്ത വർഷത്തേക്ക് മുന്നൊരുക്കം നടത്തുമെന്നും മന്ത്രി പറഞ്ഞു. ധനകാര്യമന്ത്രിമാർ പൊതുവെ കഠിനഹൃദയരായിരിക്കും, എന്നാല്‍ മുഖ്യമന്ത്രി ശബരിമല വികസനത്തിന് ഉദാരമായി പിന്തുണച്ചു.സർക്കാർ ചെയ്യേണ്ടതൊക്കെ ചെയ്തെന്ന് മന്ത്രി വ്യക്തമാക്കി.
ഒന്നരമാസംകൊണ്ടാണ് ചാലക്കയം-പമ്പ റോഡ് നവീകരണം പൂർത്തീകരിച്ചതെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ പ്രതികരിച്ചു. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്നും മന്ത്രി പറഞ്ഞു. 553 കോടിയുടെ ശബരിമല പാക്കേജിന് അംഗീകാരം ലഭിച്ചതാണെന്നും മുഖ്യമന്ത്രിയുടെ പ്രത്യേക താല്പര്യംകൊണ്ടാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
65 ദിവസം നീളുന്ന മണ്ഡല-മകരവിളക്ക് തീർഥാടനത്തിനായി ശബരിമലനട നാളെയാണ് തുറക്കുക. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ.ഡി പ്രസാദ് നമ്പൂതിരി നട തുറന്ന് ശ്രീകോവിലില്‍ ദീപം തെളിയിക്കും. സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കി അവസാനവട്ട ഒരുക്കങ്ങളിലാണ് വിവിധ വകുപ്പുകള്‍. പമ്പയിലും സന്നിധാനത്തും ആരോഗ്യസംവിധാനങ്ങള്‍, കുടിവെള്ളം, ശുചിത്വം, ഗതാഗതം തുടങ്ങി എല്ലാ മേഖലകളിലും ക്രമീകരണങ്ങള്‍ സജ്ജം. നിലയ്ക്കലില്‍ വാഹന പാർക്കിങ് മുതല്‍ കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകള്‍ വരെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്.






