കോട്ടയം: അദ്ധ്യാപകക്ഷാമം രൂക്ഷമായതോടെ കോട്ടയം മെഡിക്കല്‍ കോളേജിലെ ചികിത്സാ, അക്കാഡമിക പ്രവർത്തനങ്ങള്‍ പ്രതിസന്ധിയില്‍.
വിവിധ വിഭാഗങ്ങളിലായി 90 ഓളം ഒഴിവുകളാണുള്ളത്. ഒഴിവുകള്‍ അടിയന്തരമായി നികത്തണമെന്ന് ആശുപത്രിയില്‍ സന്ദർശിക്കാനെത്തിയ ആരോഗ്യമന്ത്രി കെ.മുരളീധരനോട് അധികൃതർ ആവശ്യപ്പെട്ടിരുന്നു.
സീനിയർ റെസിഡന്റുമാരുടെ കൂടുതല്‍ തസ്തികകളും അനുവദിക്കണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. നിലവിലെ പ്രതിസന്ധി ഒ.പിയുടെ പ്രവർത്തനത്തെ ഉള്‍പ്പെടെ ബാധിക്കുമെന്ന് ആശങ്കയുണ്ട്.
തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നത്
പ്രൊഫസർ:6
അസോസിയേറ്റ് പ്രൊഫസർ: 12
അസി.പ്രൊഫസർ: 50
പത്തോളജിയിലും പ്രശ്നം
പത്തോളജി വിഭാഗത്തിലെ രണ്ട് പ്രൊഫസർ തസ്തികകളിലും നിലവില്‍ ഡോക്ടർമാരില്ല. മേയില്‍ വിരമിച്ച പ്രൊഫസറുടെ ഒഴിവ് നികത്തിയിട്ടില്ല.
മറ്റൊരു പ്രൊഫസർ തിരുവനന്തപുരത്ത് ആരംഭിക്കുന്ന പുതിയ മെഡിക്കല്‍ കോളേജിലേക്ക് നോഡല്‍ ഓഫീസറായി പോയി. വിരമിച്ച പ്രൊഫസറുടെ തസ്തിക കോന്നി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു.
നിലവില്‍ മൂന്ന് അസോസിയേറ്റ് പ്രൊഫസർമാരും ഒൻപത് ജൂനിയർ ഡോക്ടർമാരുമാണുള്ളത്. കാൻസർ സംശയിക്കുന്നവരുടെ ബയോപ്സി ഉള്‍പ്പെടെ സാമ്പിളുകളും, ഹീമറ്റോളജി ലാബില്‍ പരിശോധനകളും, മുഴകളുടെ സ്വഭാവം നിർണയിക്കുന്ന പ്രത്യേക പരിശോധനകളും ഇവിടെ നടക്കുന്നുണ്ട്.






